എ ടി എം തുറക്കാന്‍ കഴിഞ്ഞില്ല ; മെഷീനോടെ അടിച്ചു മാറ്റി കള്ളന്മാര്‍
ചെന്നൈയിലാണ് സംഭവം. എടിഎം കവര്‍ച്ചയ്‌ക്കെത്തിയ സംഘം മെഷീന്‍ തുറക്കാനാകാത്തതിനെ തുടര്‍ന്ന് എടിഎം മെഷീന്‍ മൊത്തത്തില്‍ കൊണ്ടുപോയി. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍-ഉത്തുക്കുളി റോഡിലുള്ള എടിഎമിലാണ് സംഭവം നടന്നത്. ബാങ്ക് ഓഫ് ബറോഡോയുടെ എടിഎം കേന്ദ്രത്തില്‍ കവര്‍ച്ചയ്‌ക്കെത്തിയ നാലംഗ സംഘം മെഷീന്‍ തുറക്കാനാകാതെ വന്നതോടെയാണ് മെഷീന്‍ എടുത്ത് സ്ഥലം വിട്ടത്. എടിഎമ്മില്‍ കാശെടുക്കാന്‍ വന്നവര്‍ എടിഎം മെഷീന്‍ കാണാനില്ലാത്തതും ഒപ്പം വാതില്‍ തകര്‍ത്ത നിലിയിലാണെന്ന വിവരവും പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ കവര്‍ച്ചക്കാര്‍ക്ക് ജോലി എളുപ്പമായി.
തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ചയുടെ കാര്യം വ്യക്തമായത്. ഞായറാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെ മാസ്‌ക് ധരിച്ചെത്തിയ നാലംഗ സംഘം എടിഎം തുറക്കാന്‍ നോക്കുന്നതും സാധിക്കാത്തതിനെ തുടര്‍ന്ന് മെഷീന്‍ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കൃത്യമായി വ്യക്തമാകുന്നുണ്ട്.
സംഘം വാഹനത്തില്‍ എടിഎം മെഷീന്‍ കയറ്റി കയറു വെച്ച് കെട്ടിയാണ് കൊണ്ടുപോയത്. എടിഎമ്മില്‍ ഫെബ്രുവരി 19 ന് 15 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും ഞായറാഴ്ച്ച വരെ എടിമ്മില്‍ നിന്നും 1.5 ലക്ഷം രൂപ പിന്‍വലിച്ചിട്ടുണ്ടെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല വേണ്ടത്ര സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി രാത്രി സുരക്ഷയ്ക്ക് ജീവനക്കാരും ഉണ്ടായിരുന്നില്ല. കവര്‍ച്ചക്കാര്‍ എടിഎം മെഷീന്‍ കൊണ്ടുപോയ വാഹനം ഇറോഡ് ജില്ലയിലെ വിജയമംഗലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.