പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം ; കേസ് ഒതുക്കാന്‍ ശ്രമിച്ചു പോലീസ്

കണ്ണൂര്‍ പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെയാണ് ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചത്. പാനൂര്‍ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവര്‍ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. ചെണ്ടയാട് സ്വദേശി നിവേദിനാണ് ആണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിക്കൊപ്പം ഒപ്പം നടക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു 15 കാരനെ മര്‍ദ്ദിച്ചത്. പത്താം ക്ലാസ് മോഡല്‍ പരീക്ഷ കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ഥിയെ ജിനീഷ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.

ആദ്യം വിദ്യാര്‍ഥിയുടെ മുഖത്തടിച്ച ഇയാള്‍ പിന്നീട് നിരന്തരം അടിക്കുകയായിരുന്നു. വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ജിനീഷ് നെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പാനൂര്‍ പോലീസ് അറിയിച്ചു. വിദ്യാര്‍ഥിയെ ആളുമാറി മര്‍ദിച്ചെന്നാണ് ഓട്ടോ ഡ്രൈവര്‍ പിന്നീട് പറഞ്ഞത്.അതേസമയം സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം പാനൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. രാഷ്ട്രീയ പിന്‍ബലം ഉള്ള വ്യക്തിയാണ് ഓട്ടോ ഡ്രൈവര്‍ ആയ ജിനീഷ്. ഇതാണ് പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് എന്നും വീട്ടുകാര്‍ പറയുന്നു.