മകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ അമ്മയും കാമുകനും അറസ്റ്റില്‍
പി.പി. ചെറിയാന്‍
മിഡില്‍ടൗണ്‍ (ഒഹായോ): ആറു വയസുകാരനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി ഒഹായോ പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്നി(29) , കാമുകന്‍ ജെയിംസ് ഹാമില്‍ട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച മകനെയും കൂട്ടി അമ്മ പ്രിബിള്‍ കൗണ്ടി പാര്‍ക്കില്‍ എത്തി. കുട്ടിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. കാറില്‍ നിന്നു മകനെ പാര്‍ക്കില്‍ ഇറക്കി വിട്ടശേഷം കാര്‍ മുന്നോട്ടു എടുക്കുന്നതിനിടയില്‍ മകന്‍ നിലവിളിച്ചു കാറിന്റെ പുറകില്‍ കയറി പിടിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ കാറോടിച്ചു പോയ മാതാവ് അരമണിക്കൂറിനുശേഷം പാര്‍ക്കില്‍ തിരിച്ചെത്തിയപ്പോള്‍ തലയ്ക്കു പരുക്കേറ്റു മരിച്ചു കിടക്കുന്ന മകനെയാണു കണ്ടത്. ഉടന്‍ കുട്ടിയെ കാറില്‍ കിടത്തി നേരെ മാതാവും കാമുകനും താമസിക്കുന്ന വീടിനു മുകളിലുള്ള മുറിയില്‍ കിടത്തി. അടുത്ത ദിവസം അവിടെ നിന്നു മൃതദേഹം ഇരുവരും ചേര്‍ന്നു പുഴയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ശരീരം പുഴയില്‍ നിന്നും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തു. തുടര്‍ന്നു മാതാവിനെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിച്ചു വയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുത്തു. കാമുകനെതിരെ അവസാന രണ്ടു കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെ പൊലീസ് അവിടെ നിന്നു മാറ്റി.