മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും വി.എം സുധീരനും പി.ജെ കുര്യനും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ യു.ഡി.എഫ് മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെ മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.

നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വി.എം സുധീരനും മത്സരിക്കാനില്ലെന്ന നിലപാടിലാണ്. വട്ടിയൂര്‍ക്കാവിലോ കോഴിക്കോട്ടെ ഒരു സീറ്റിലോ വിഎം സുധീരനെ മത്സരിപ്പിക്കാനുള്ള താല്‍പര്യ കേന്ദ്ര നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാര്‍ നേരത്തെ സുധീരനെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. മത്സരിക്കാന്‍ ഇല്ലെന്ന് നേതൃത്വത്തിന് കത്ത് നല്‍കിയ പി.ജെ കുര്യന്‍, നേരത്തെ തിരുവല്ല സീറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കുകയായിരുന്നു.

നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതംവയ്പ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 25 വര്‍ഷം എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്ന് സുധീരനും ആവശ്യപ്പെട്ടു. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം കെപിസിസി ഓഫീസില്‍ മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി നേതാക്കള്‍ പ്രത്യേകമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് തെരഞ്ഞെടുപ്പ് സമിതി ചേരുന്നത്.