യുഎസില്‍ കാണാതായ വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പി.പി. ചെറിയാന്‍

കലിഫോര്‍ണിയ: ഒരാഴ്ച മുന്‍പ് ഫ്രീമോണ്ടില്‍ നിന്നു കാണാതായ കലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഥര്‍വിന്റെ (19) മൃതദേഹം ആറടി താഴ്ചയില്‍ കീഴ്മേല്‍ മറിഞ്ഞ കാറിനുള്ളില്‍ കണ്ടെത്തിയതായി കലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അറിയിച്ചു. വീട്ടില്‍ നിന്ന് ഏതാനും മൈലുകള്‍ അകലെയാണു മൃതദേഹം കിടന്നിരുന്നത്.

കലവാറസ് ഹൈവേയില്‍ ആറടി താഴെ ചാരനിറത്തിലുള്ള ടൊയോട്ട കാര്‍ മറിഞ്ഞുകിടക്കുന്നതായി ഒരു സൈക്കിള്‍ യാത്രക്കാരന്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് കാറിനുള്ളില്‍ അഥര്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ നിന്നും ഡോഗ് ഫുഡ് വാങ്ങാന്‍ പോയ അഥര്‍വിനെ പിന്നെ ആരും കണ്ടിരുന്നില്ല. സംഭവസ്ഥലത്ത് അന്വേഷണം നടത്തിയ പൊലീസിനു റോഡിലൂടെ കാര്‍ ഉരസിപോയതിന്റെയോ തെന്നിപോയതിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. സ്റ്റോറില്‍ നിന്നും വരുന്നതിന്റെ നേരെ എതിര്‍ ദിശയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച അഥര്‍വിനെ കാണാതായ ശേഷം മൊബൈല്‍ ഫോണോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചിരുന്നില്ല.

കോവിഡിന്റെ പഴ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റിയില്‍ പോകാതെ വീട്ടിലിരുന്നു പഠിക്കുകയായിരുന്നു അഥര്‍വ്. പാചകകലയില്‍ മിടുക്കനായിരുന്ന അഥര്‍വ് വീട്ടിലെ അംഗങ്ങളുടെ ജന്മദിനത്തില്‍ പ്രത്യേക ഭക്ഷണം തയാറാക്കിയിരുന്നു. ഡോക്ടര്‍ ആവണമെന്നതായിരുന്നു മകന്റെ ആഗ്രഹമെന്നു മാതാവ് പറഞ്ഞു. അഥര്‍വിന്റെ പിതാവ് പക്ഷാഘാതത്തെ തുടര്‍ന്നു വീട്ടില്‍ കിടപ്പിലാണ്. മകന്റെ മരണത്തില്‍ ആകെ തളര്‍ന്നിരിക്കുകയാണ് മാതാവും മറ്റു കുടുംബാംഗങ്ങളും.