അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റ് ഇല്ല ; തീരുമാനം സിപിഎം സെക്രട്ടേറിയറ്റില്‍
വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഇ. പി. ജയരാജന്‍, തോമസ് ഐസക്, ജി. സുധാകരന്‍, എ. കെ. ബാലന്‍, സി. രവീന്ദ്രനാഥ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം ആയത്. ഇതില്‍ ഇ. പി. ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ് സാധ്യത. സി പി എം സംസ്ഥാന സെക്രട്ടടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ബി അംഗം കോടിയേരി ബാലകൃഷ്ണന്‍, ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ. പി. ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. കെ കെ ശൈലജയ്ക്ക് സുരക്ഷിതമായ മണ്ഡലം നല്‍കണമെന്ന നിര്‍ദേശം സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്വം മുന്നോട്ടു വെച്ചിരുന്നു.
കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നാണ് അഭിപ്രായം. എംഎല്‍എമാര്‍ക്കും ഇതു നിര്‍ബന്ധമാക്കും. രാജു എബ്രഹാം, എ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ക്കും സീറ്റില്ല. ഇവര്‍ക്ക് ഇളവ് നല്‍കണമെന്ന് ജില്ലാകമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ആര്‍ക്കൊക്കെ ഇളവു നല്‍കണമെന്ന് സംസ്ഥാന സമിതി തീരുമാനിക്കും. അതേസമയം ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ ആയി. ഇതോടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയിലേക്ക് ജയരാജനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.