കേരളത്തില്‍ ചൂട് കൂടിവരുന്നു : മുഖ്യമന്ത്രി

വേനല്‍ കടുത്തത്തോടെ കേരളത്തില്‍ ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഇടങ്ങളില്‍ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളില്‍ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉയര്‍ന്ന ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഉഷ്ണകാല രോഗങ്ങളായ ഉഷ്ണ തരംഗം, സൂര്യാഘാതം, സൂര്യതാപം എന്നിവയെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വേനല്‍ക്കാല പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ പ്രത്യേകമായി ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണം.

ദാഹമില്ലാത്ത സമയത്തു പോലും ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചൂട് ഉച്ചസ്ഥായിലെത്തുന്ന പല 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് കൂടുതല്‍ ജാഗ്രത വേണം. ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണം. ചൂട് കൂടുന്ന ഇടങ്ങളില്‍ തൊഴില്‍സമയം പുനക്രമീകരിക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലുടമകള്‍ പൂര്‍ണമായും ഇതിനോട് സഹകരിക്കണം. അതിഥി തൊഴിലാളികളിലേക്കും സുരക്ഷാമുന്‍കരുതലുകള്‍ എത്തിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകമായിത്തന്നെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം. കവലകള്‍, മാര്‍ക്കറ്റുകള്‍, തുടങ്ങിയ പൊതു ഇടങ്ങളിലൊക്കെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ഇടപെടലുകള്‍ നടത്താവുന്നതാണ്.