ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി

രാജ്യത്തു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്‌ലിക്‌സ്- ആമസോണ്‍ അടക്കം ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സിനിമാ- സീരിസുകള്‍ പ്രദര്‍ശനത്തുന്നതിന് മുമ്പ് തന്നെ സ്‌ക്രീനിംഗ് വേണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗിക ഉള്ളടക്കങ്ങള്‍ വരെ കാണാന്‍ സാധിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഒരു തുലനാവസ്ഥ നിലനിര്‍ത്തേണ്ട ആവശ്യമുണ്ടെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശിച്ചത്.

ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങി ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സിനിമകള്‍ക്കും സീരിസുകള്‍ക്കും പ്രദര്‍ശനത്തിന് മുമ്പ് തന്നെ സ്‌ക്രീനിംഗ് ആവശ്യമുണ്ട്. ചില സിനിമകളില്‍ പോണോഗ്രഫി വരെയുണ്ട്’ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതിന് പുറമെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണവും കോടതി ചോദിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ രൂപപ്പെടുത്തിയ നിയമങ്ങള്‍ സംബന്ധിച്ച് കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിച്ച താണ്ഡവ് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ലൈംഗിക ഉള്ളടക്കം സംബന്ധിച്ച് സുപ്രീം കോടതിയുടെ പരാമര്‍ശം. താണ്ഡവ് എന്ന വെബ് സീരിസ് മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് കനത്ത വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവ് വന്നിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഹെഡ് അപര്‍ണ പുരോഹിത് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.