ലൈംഗിക ശേഷി വര്‍ധിപ്പിക്കും എന്ന് പ്രചരണം ; ആന്ധ്രയില്‍ കഴുത ഇറച്ചിക്ക് വന്‍ ഡിമാന്‍ഡ്
വ്യാജ പ്രചരണം കാരണം നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആണ് ആന്ധ്രാ പ്രദേശിലെ കഴുതകള്‍ക്ക്. കഴുതയുടെ മാംസം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണത്തോടെയാണ് കഴുത ഇറച്ചിയുടെ ഡിമാന്‍ഡ് ഉയര്‍ന്നത്. ആസ്തമ, പുറം വേദന തുടങ്ങിയവയ്ക്ക് കഴുത മാംസം ഉത്തമമാണെന്ന പ്രചാരണം മുന്‍പേ തന്നെ നിലന്നിരുന്നു. അതിനു പുറമെയാണ് കഴുത മാംസം കഴിച്ചാല്‍ ലൈംഗികശേഷി വര്‍ദ്ധിക്കുമെന്ന പ്രചാരണം ആരംഭിച്ചത്. ഇതോടെ പാവം കഴുതകളുടെ ജീവന്‍ അപകട ത്തിലായിരിയ്ക്കുകയാണ്.
ഇത്തരം വ്യാജപ്രചരണം ആരംഭിച്ചതോടെ കഴുതയെ വളര്‍ത്തി ഉപജീവനം നടത്തുന്നവരുടെ ജീവിതം വഴിമുട്ടി. കാരണം കഴുത മോഷണം പോകുന്നതും ഇപ്പോള്‍ പതിവായിരിയ്ക്കുകയാണ്. കൂടാതെ, വ്യാജ പ്രചാരണത്തിന് പിന്നാലെ സംസ്ഥാനത്ത് കഴുതകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിരിയ്ക്കുന്നതായി അധികൃതര്‍ പറയുന്നു. ആന്ധ്രാപ്രദേശില്‍ വ്യാപകമായി കഴുതകളെ കശാപ്പ് ചെയ്ത് മാംസം വില്‍പനയ്ക്കെത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. കുപ്രചാരണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചാണ് കഴുത ഇറച്ചി വന്‍തോതില്‍ വിറ്റഴിക്കുന്നത്. കഴുത മാംസ വിപണിയുമായി ബന്ധപ്പെട്ട് ക്രിമിനല്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടതെ, അന്ധവിശ്വാസങ്ങളുടെ ബലത്തില്‍ കഴുത മാംസത്തിന് വന്‍ വിലയുമാണ് ഈടാക്കുന്നത്. ഒരു കിലോ ഇറച്ചിയ്ക്ക് 600 രൂപയാണ് ഏറ്റവും കുറഞ്ഞ വില.
2001ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡപ്രകാരം ആന്ധ്രയില്‍ കഴുതയെ കശാപ്പ് ചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് കഴുത ഇറച്ചി കിലോയ്ക്ക് 600 രൂപ മുതലാണ് ഈടാക്കുന്നത്. കൂടാതെ, കഴുതയുടെ വിലയും വര്‍ദ്ധിച്ചു. കശാപ്പിനായി കൊണ്ടുവരുന്ന പ്രായപൂര്‍ത്തിയായ കഴുതയ്ക്ക് 20,000 മുതല്‍ 25,000 രൂപ വരെയാണ് വില. 2012ലെ കണക്കനുസരിച്ച് 10,161 ആയിരുന്നു കഴുതകളുടെ എണ്ണം. എന്നാല്‍, 2019ല്‍ അത് 4,678 ആയി കുറഞ്ഞു.