പുഴയില്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി

ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ പുഴയിലാണ് സംഭവം. പുഴയില്‍ നീന്താന്‍ ഇറങ്ങിയപ്പോള്‍ കുട്ടിയെ മുതല വിഴുങ്ങുകയായിരുന്നു. കുട്ടിയും ചെറിയ സഹോദരനും പുഴയില്‍ നീന്തി കൊണ്ടിരിക്കുന്നതിനിടയില്‍ എട്ടു വയസുകാരനെ മുതല വിഴുങ്ങുകയായിരുന്നു. കുട്ടികള്‍ പുഴയില്‍ നീന്തുന്ന സമയത്ത് പുഴക്കരയിലെ വീട്ടിലിരുന്ന് പിതാവ് ഇത് നോക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ മുതല ആക്രമിച്ച് വിഴുങ്ങിയത്. കുട്ടിയടെ പിതാവ് ഉടനെ രക്ഷപ്പെടുത്തുന്നതിനായി പുഴയിലേക്ക് ചാടിയെങ്കിലും അപ്പോഴേക്കും മുതല കുഞ്ഞിനെ വിഴുങ്ങി കഴിഞ്ഞിരുന്നു. തുടര്‍ന്ന് മുതല അവിടെ നിന്ന് മാറുകയും ചെയ്തിരുന്നു.

എന്നാല്‍ പിറ്റേന്ന് കുടായ് തിമുര്‍ ജില്ലയിലെ പ്രദേശവാസികള്‍ ആറടി നീളമുള്ള മുതലയെ പിടി കൂടി. തുടര്‍ന്ന്, കുട്ടിയുടെ മൃതദേഹം മുതലയ്ക്കുള്ളില്‍ കണ്ടെത്തി. യു ട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ രക്ഷാപ്രവര്‍ത്തകര്‍ മുതലയുടെ വയറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്നത് കാണിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ ഇത് കാണുകയും കരയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അപകടം നടന്ന ഈ നദി മുതലകളുടെ ആവാസകേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും മുതലകള്‍ മനുഷ്യരെ അങ്ങനെ ആക്രമിക്കാറില്ല എന്നും അവര്‍ പറയുന്നു.