എന്‍ഡിഎ കേരള ഘടകം കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ മുന്നണിയെ കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. തുഷാര്‍ മത്സരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയ ബിജെപി നേതൃത്വം ചര്‍ച്ചയ്ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വര്‍ക്കല, കുട്ടനാട്, കൊടുങ്ങല്ലൂര്‍ സീറ്റുകളാണ് തുഷാറിനായി പരിഗണനയിലുള്ളത്. അതേസമയം, കെ. സുരേന്ദ്രന്‍ കോന്നിയില്‍ ജനവിധി തേടിയേക്കും.

താന്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ഇതേ തുടര്‍ന്നാണ് ബിജെപി നേതൃത്വം തുഷാറുമായി ചര്‍ച്ച നടത്തുന്നതിന് തീരുമാനിച്ചത്. കെ. സുരേന്ദ്രനെ കോന്നിയിലേക്ക് പരിഗണിക്കാനാണ് സാധ്യത. കോന്നിയില്‍ ഇതിനായി താഴെതട്ടില്‍മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേതാക്കളോട് കോന്നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മെട്രോമാന്‍ ഇ ശ്രീധരനെ ചൊല്ലി കേരള ബിജെപിയില്‍ ഉള്‍പ്പോര് നടക്കുകയാണ് ഇപ്പോള്‍. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്ന് വെള്ളിയാഴ്ച സുരേന്ദ്രന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുരേന്ദ്രന്റെ പ്രസ്താവനയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടും എന്നായിരുന്നു ട്വിറ്ററില്‍ മന്ത്രി കുറിച്ചത്. എന്നാല്‍ എന്നാല്‍ അസാധാരണമായ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയുസ്സുണ്ടായുള്ളൂ.

ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്ത വന്നതോടെയാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടത്. കേരളത്തിന്റെ ചുമതലയുള്ള പ്രല്‍ഹാദ് ജോഷിയും വിവരം നേതൃത്വത്തെ അറിയിച്ചു. ഇതോടെ, ഇരുവരും പ്രസ്താവനയില്‍ നിന്ന് പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണഗതിയില്‍ അത്തരമൊരു പ്രഖ്യാപനം നടത്തുന്നത് കേന്ദ്രനേതൃത്വമാണ്.