മുഖ്യമന്ത്രി ചെയ്തതു രാജ്യദ്രോഹക്കുറ്റം ; ചെന്നിത്തല
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തത്. കോടതിയില്‍ തെളിവായി സ്വീകരിക്കുന്ന സ്വപ്നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നാല്‍ ഇതുവരെ ഇതിനെതിരെ ഒരു ചെറുവിരലനക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് കേസന്വേഷണം മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ ഗൂഢാലോചനകളും നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിന് മുമ്പില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്ന പറയുന്നു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്. ഏതെല്ലാം മന്ത്രിമാരാണ് ഇടപാടില്‍ ഉള്ളത് എന്നതില്‍ വ്യക്തതയില്ല.