പൂഞ്ഞാര്‍ സീറ്റ് ജോസ് കെ മാണിക്ക് അടിയറവ് പറഞ്ഞെന്ന ആരോപണവുമായി സി.പി.എം പ്രാദേശിക നേതൃത്വം.

കോട്ടയം: വാശിയേറിയ പോരാട്ടം നടക്കുന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കാത്തിരുന്ന സി.പി.എം പ്രാദേശിക നേതൃത്വം നിരാശയില്‍. അപ്രതീക്ഷിതമായി പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെയോ ജില്ലാ കമ്മറ്റിയുടെയോ അറിവില്ലാതെ ജോസ് പക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചതിന്റെ ഞെട്ടലിലാണ് ഇടത് പക്ഷ ക്യാമ്പ്. ഇതിനെതിരെ സി.പി.എം പ്രാദേശിക നേതൃത്വം ജില്ലാകമ്മറ്റിയേയും, സംസ്ഥാന കമ്മറ്റിയേയും സമീപിച്ചിട്ടുണ്ട്.

ഇപ്പോള്‍ ജോസ് പക്ഷം സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സെബാസത്യന്‍ കുളത്തിങ്കലിനെതിരെ ബ്ലേഡ് മാഫിയ ഉള്‍പ്പടെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നത് വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്. ഇത്തരത്തിലുള്ള ഒരാളെ സി.പി.എം. സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കേണ്ടി വരുന്നത് പെയിഡ് സീറ്റെന്ന വാദത്തിനും മറുപടി പറയേണ്ടതായി വരുമെന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എരുമേലി, മുണ്ടക്കയം,ഡിവിഷനുകളില്‍ ഇടത് പക്ഷ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ചതുഷ്‌കോണ മത്സരമായിട്ട് പോലും ജോസ് പക്ഷത്തിന് നല്‍കിയ പൂഞ്ഞാര്‍ സീറ്റില്‍ മൂന്നാം സ്ഥാനമാണ് നേടാനായത്. ഇവിടെ ജനപക്ഷ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.

ജനസമ്മതിയുള്ള സി.പി.എം. പ്രാദേശിക നേതാക്കളായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ഇപ്പോള്‍ പൂഞ്ഞാര്‍ നിയോചകമണ്ഡലത്തിലെ 4 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ നിന്ന് മുന്‍ എം.എല്‍.എ. കൂടിയായിരുന്ന കെ. ജെ. തോമസിനെയും, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും നിലവില്‍ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയുമായ കെ. രാജേഷിനെയോ, മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ രാമാ മോഹന്റെയും പേരുകളാണ് നിര്‍ദേശിച്ചിരുന്നത് ഇവയെല്ലാം പിന്തള്ളിയാണ് ജോസ് പക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.