ഐ ഫോണ്‍ ; എനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം ഭാര്യ അത് ഉപയോഗിക്കുകയായിരുന്നു’; രമേശ് ചെന്നിത്തല

ഐ ഫോണ്‍ വിവാദത്തില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഭാര്യ ഉപയോഗിക്കുമ്പോഴാണ് കോടിയേരി തനിക്കാണ് സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതെന്ന അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോള്‍ ശരിയെന്നു വ്യക്തമാവുകയാണ്. കേരളത്തില്‍ സിപിഎം-ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം ഇപ്പോള്‍ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷം പറഞ്ഞ എല്ലാകാര്യങ്ങളും സത്യമായി വരുകയാണ്. നേരത്തെ മൗനം പാലിച്ച കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ തലപൊക്കുന്നത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു. മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. മുഖ്യപ്രതിയുടെ രഹസ്യമൊഴിയില്‍ പറയുന്ന മൂന്നു മന്ത്രിമാര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതിനിടെ ഐഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും രംഗത്തെത്തി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി പറയുന്നത്. അതേസമയം താന്‍ സ്വപ്ന സുരേഷിനാണ് ഫോണ്‍ നല്‍കിയതെന്നാണ് സന്തോഷ് ഈപ്പനും വ്യക്തമാക്കുന്നത്. കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഐ ഫോണ്‍ സംബന്ധിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിനോദിനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം ഫോണ്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കൈമാറിയോയെന്നു തനിക്കറിയില്ലെന്ന് സന്തോഷ് ഈപ്പന്‍ ന്യൂസ് 18 നോട് വ്യക്തമാക്കി. സ്വപ്ന ആവശ്യപ്പെട്ട പ്രകാരം ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു. ആകെ നല്‍കിയത് ആറ് ഫോണുകളാണെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴയായ നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഒന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്. വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കുന്നു.സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഫോണിന്റെ ഐഎംഇ നമ്പര്‍ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.