സിമി കേസ് ; ഇരുപത് വര്‍ഷത്തിന് ശേഷം ആരും കുറ്റക്കാരല്ലെന്ന് കോടതി , അറസ്റ്റ് ചെയ്ത 127 പേരെയും വറുതെ വിട്ടു

സിമി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത എല്ലാ പ്രതികളെയും വെറുതെ വിട്ട് വിചാരണ കോടതിയുടെ വിധി.പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും സിമിയുടെ പ്രവര്‍ത്തകരാണെന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ചാണ് 127 പ്രതികളെയും സൂറത്ത് ചീഫ് മജിസ്ട്രേട്ട് ജഡ്ജി എ.എന്‍ ധവെ വെറുതെ വിട്ടത്. ആരും നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചാണ് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എ.എന്‍ ധവെയുടെ വിധി. ഇരുപത് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസിലുള്‍പ്പെട്ട 127 പേര്‍ കുറ്റവിമുക്തരായത്.

ഒരു തെളിവും കേസിലുണ്ടായിരുന്നില്ലെന്നും യു.എ.പി.എ നിയമപ്രകാരം വേണ്ട കേന്ദ്രാനുമതി പോലും പൊലീസ് വാങ്ങിയിരുന്നില്ലെന്നും കണ്ടാണ് കോടതി ഇവരെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. എം.എം ഷേഖ് പറഞ്ഞു. 2001 ലാണ് കേസിനാസ്പദമായ സംഭവം. സൂറത്തിലെ രാജശ്രീ ഹാളില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ സിമി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആള്‍ ഇന്ത്യ മൈനോറിറ്റീസ് എഡ്യുക്കേഷണല്‍ ബോഡ് വിളിച്ചുചേര്‍ത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നും രാജ്യദ്രോഹപ്രവര്‍ത്തനം ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് ആരോപിച്ചു. തുടര്‍ന്ന് കുറ്റാരോപിതര്‍ക്ക് മേല്‍ പൊലീസ് യു.എ.പി.എയും ചുമത്തി. ശേഷം പതിനൊന്ന് മാസങ്ങള്‍ക്കിപ്പുറമാണ് ഗുജറാത്ത് ഹൈകോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

ഈ കേസിനാല്‍ നീണ്ട ഇരുപത് വര്‍ഷം ഞങ്ങള്‍ എല്ലാവരും തൊഴില്‍രഹിതരായി. ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞു. കേസ് നടത്തിപ്പിനായി ഓരോ തവണയും വക്കീല്‍ ഫീസായി ആയിരക്കണക്കിന് രൂപയാണ് സംഘടിപ്പിച്ച് നല്‍കേണ്ടി വന്നത്. ഈ നഷ്ടങ്ങളൊക്കെ ആര് നികത്തും? കുറ്റവിമുക്തനായി പുറത്തുവന്ന സിയുഉദ്ദീന്‍ സിദ്ധീഖി ചോദിച്ചു. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമടങ്ങുന്ന അഭ്യസ്ത വിദ്യരായ സമൂഹത്തിലെ പ്രമുഖരായിരുന്നു കേസില്‍ അസ്റ്റിലായിരുന്നത്.

അതേസമയം സിമി ബന്ധം ആരോപിച്ച് 127 നിരപരാധികളെ ഇരുപത് വര്‍ഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമാണെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി പറഞ്ഞു. അവര്‍ക്ക് നഷ്ടമായ 20 വര്‍ഷത്തെ കുറിച്ച് ആലോചിച്ച് തന്റെ ഹൃദയം തകര്‍ന്നുപോകുന്നുവെന്നും ജിഗ്‌നേഷ് കുറിച്ചു. ട്വിറ്ററിലാണ് മേവാനിയുടെ പ്രതികരണം. 2001ല്‍ സിമി അംഗങ്ങള്‍ എന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തവരെ 20 വര്‍ഷത്തിന് ശേഷം ഗുജറാത്ത് കോടതി വിട്ടയച്ചിരിക്കുകയാണ്. അവര്‍ക്ക് നഷ്ടപ്പെട്ട 20 വര്‍ഷത്തെ കുറിച്ച് ആലോചിച്ച് എന്റെ ഹൃദയം നുറുങ്ങുന്നു. ആ കാലം അവര്‍ക്ക് തിരിച്ചുകിട്ടില്ല. പരാജയപ്പെട്ട നീതിന്യായ സംവിധാനത്തിന് എല്ലാ നന്ദിയും’ – എന്നാണ് ജിഗ്‌നേഷ് കുറിച്ചത്. പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ട്വീറ്റ് പങ്കുവച്ചു.