കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തില്‍ ഇടപെടാനാകില്ല ; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സംസ്ഥാനത്ത് നടക്കുന്ന കിഫ്ബി ക്കെതിരായ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ . കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്ന കേസുകളില്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇടപെടാനാകില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണ സുനില്‍ അറോറ വ്യക്തമാക്കിയിരിക്കുന്നത്.

സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രാഥമികമായ അന്വേഷണത്തില്‍ ഇ.ഡി.യുടെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം, ഡപ്യൂട്ടി സി.ഇ.ഒ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്കിന്റെ മേധാവികള്‍കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ. ഡി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയ താത്പര്യപ്രകാരമാണ് ഇ ഡി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചത്. കേരളത്തിലെ അന്വേഷണം മാര്‍ച്ച് മുതല്‍ നടക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളില്‍ ഇടപെടാനാകില്ലെന്നും സുനില്‍ അറോറ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷന്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. ബി ജെ പിയുടെ വിജയ യാത്രയില്‍ പങ്കെടുത്ത് ഫെബ്രുവരി 28ന് നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബി പദ്ധതികള്‍ക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ച് ഇ. ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസര്‍വ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങള്‍ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.