അനര്‍ഹര്‍ വ്യാപകമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ; തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം
സംസ്ഥാനത്ത് അനര്‍ഹര്‍ വ്യാപകമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതോടെ വാക്‌സിന് ക്ഷാമം. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞാണ് നിരവധി പേര്‍ വാക്‌സിനെടുത്തത്. ഇതോടെ ആശുപത്രികളിലേക്ക് വിതരണം ചെയ്യാന്‍ ആവശ്യത്തിന് വാക്‌സിനില്ലാതായി. സ്വകാര്യ ആശുപത്രികളില്‍ വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനായി വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരെന്ന വ്യാജേന ഡ്യൂട്ടിയില്ലാത്ത ഉദ്യോഗസ്ഥരും വിരമിച്ച ജീവനക്കാരും മുതല്‍ സ്വകാര്യ വ്യക്തികള്‍ വരെ കുത്തിവെപ്പെടുത്തു.
ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുമായെത്തിയാണ് പലരും വാക്‌സിനെടുത്തതെന്നാണ് ആക്ഷേപം. ജില്ലയില്‍ മുപ്പതിനായിരത്തില്‍ താഴെ ഉദ്യോഗസ്ഥര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളത്. എന്നാല്‍ അനര്‍ഹര്‍ കൂടിയായതോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി വിഭാഗത്തിലുള്ളവരുടെ എണ്ണം ജില്ലയില്‍ അറുപതിനായിരം കടന്നു. മെഗാവാക്‌സിന്‍ ക്യാംപില്‍ കണക്കാക്കിയതിലും കൂടുതല്‍ വാക്‌സിന്‍ നല്‍കിയതോടെ ആശുപത്രികളിലേക്ക് നല്‍കാന്‍ വാക്‌സിനില്ലാതായി. ഇനി പതിനായിരത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ജില്ലയിലെ വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി.
സര്‍ക്കാര്‍ ആശുപത്രികളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്കാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികള്‍ക്ക് രണ്ട് ദിവസത്തേക്ക് വാക്‌സിന്‍ നല്‍കില്ല. അതിനാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു പോലും വാക്‌സീന്‍ ലഭിക്കാതെ വരും. ഒരാഴ്ചയിലേറെയായി തുടരുന്ന വാക്‌സിനേഷന്‍ ക്യാംപില്‍ പ്രതിദിനം ആയിരത്തിലേറെപേരാണ് വാക്‌സിനെടുത്തു മടങ്ങിയത്. കൃത്യമായി രജിസ്‌ട്രേഷന്‍ ഒത്തുനോക്കാത്തതാണ്
മെഗാവാക്‌സിനേഷനില്‍ അനര്‍ഹര്‍ കടന്നുകൂടാനിടയാക്കിയതായാണ് കണക്കാക്കുന്നത്. ഇതുകൂടാതെ മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് ആശുപത്രികളിലെത്തിച്ചാലെ വാക്‌സിന്‍ വിതരണം സാധാരണഗതിയിലാകൂ. കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.