പാലാരിവട്ടം വീണ്ടും ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനായി തുറന്ന് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. പുനര്‍നിര്‍മ്മാണത്തിന് എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 41 കോടി 70 ലക്ഷം രൂപ ചിലവിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലാരിവട്ടം പാലത്തില്‍ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് മദ്രാസ് ഐ.ഐ.ടിയും ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും അടക്കം നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. 2019 മെയ് 1ന് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു.

സുപ്രീംകോടതിയുടെ അനുമതിയോടെ 2020 സെപ്തംബര്‍ 28ന് പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. ഡി.എം.ആര്‍.സിയെ നിര്‍മാണ ചുമതല എല്‍പ്പിച്ച പാലത്തിന്റെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു. 160 ദിവസം കൊണ്ടാണ് ഊരാളുങ്കല്‍ പാലം പണി പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ 19 സ്പാനുകളിലും 17 എണ്ണം മാറ്റി സ്ഥാപിച്ചു. പിയറുകളും പിയര്‍ ക്യാപുകളും ബലപ്പെടുത്തി. ജോലി ആരംഭിച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.പാലം തുറന്ന് കൊടുക്കുന്നതിന് മുന്‍പായി മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നല്‍കിയത്.