ഭാര്യക്ക് സീറ്റ് ; മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് പടയൊരുക്കം

മന്ത്രി എ.കെ ബാലനെതിരെ മണ്ഡലത്തില്‍ പടയൊരുക്കം. ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. എ.കെ ബാലനെതിരെ സേവ് കമ്മ്യൂണിസം എന്ന പേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലന്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുള്ളത്. ‘പാര്‍ട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും’- എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അധികാരമില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്‍പ്പിക്കല്‍ തുടര്‍ഭരണത്തെ ഇല്ലാതാക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കവും ഷൊര്‍ണൂരില്‍ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മാറ്റി പി മമ്മിക്കുട്ടിയെ നിശ്ചയിച്ചതും, ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിയ്ക്കുന്നതുമാണ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുള്ളത്. കോങ്ങാട് ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും വിമര്‍ശനമുണ്ട്. തരൂരില്‍ പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്.

അതുപോലെ പട്ടികജാതി ക്ഷേമ സമിതി നേതാക്കളെ അവഗണിച്ചതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഷൊര്‍ണൂരില്‍ പി കെ ശശിയ്ക്ക് പകരം സി.കെ രാജേന്ദ്രന്റെ പേരാണ് ആദ്യം ഉയര്‍ന്നതെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മമ്മിക്കുട്ടിയെയാണ് പരിഗണിച്ചത്. ഒറ്റപ്പാാലത്ത് പി ഉണ്ണിയ്ക്ക് പകരം ഡി.വൈ.എഫ്.ഐ നേതാവ് പ്രേംംകുമാറിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ മുന്‍ നേതാവ് ജയദേവനെ പരിഗണിയ്ക്കാക്കാത്തതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക, റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നു ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് – ജില്ലാ കമ്മറ്റി യോഗങ്ങളില്‍ അംഗങ്ങള്‍ എതിര്‍പ്പുന്നയിച്ചേക്കും.