‘സാബു’വിനെക്കുറിച്ച് സാബു പള്ളിപ്പാട്ട്
വിയന്ന: അവന്‍ ഗലീലിയ കടപ്പുറത്ത് നടക്കുമ്പോള്‍ പത്രോസും, അവന്റെ സഹോദരനും കടലില്‍ വല വീശുന്നത് കണ്ടു. അവന്‍ അവരോട് പറഞ്ഞു നിങ്ങള്‍ എന്റെ കൂടെ വരൂ; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം. പിന്നീട് അവന്‍ പോയിടെത്തെല്ലാം അവരും കൂടെയുണ്ടായിരുന്നു. ചെന്നിടത്തെല്ലാം കൂടിയിരുന്നവരോട് അവന്‍ കഥകള്‍ പറയാന്‍ തുടങ്ങി. കഥകളിലൂടെ അവര്‍ പുതിയ മനുഷ്യരായി മാറുകയായിരുന്നു. അങ്ങനെയാണ് അവരൊരുമിച്ചു മനുഷ്യരെ പിടിക്കാന്‍ തുടങ്ങിയത്..
പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടില്‍ വേറൊരാള്‍ മറ്റൊരു കഥ പറഞ്ഞു. ‘വിക്ടര്‍ ഹുഗോ’ (Victor Hugo) എന്നായിരുന്നു അയാളുടെ പേര്. ”ജീന്‍ വാല്‍ ജീന്‍” (Jean Valjean) ജയില്‍ മോചിതനായതിന് ശേഷം ആരും അന്തിയുറങ്ങാന്‍ ഇടം കൊടുത്തില്ല. പിന്നീട് പലരില്‍ നിന്നും കേട്ടറിഞ്ഞു അവിടത്തെ ബിഷപ്പിന്റെ വാതിലില്‍ മുട്ടുന്നു. ദയാലുവായിരുന്ന അദ്ദേഹം അവന് ആഹാരവും, കിടക്കാന്‍ സ്വീകരണ മുറിയും നല്‍കി. എന്നാല്‍ അതേ രാത്രിയില്‍ ബിഷപ്പിന്റെ വെള്ളി തിരികാലുകള്‍ മോഷ്ടിച്ച് അയാള്‍ കടന്നു കളയുകയും പിന്നീട് പോലീസിന്റെ കൈയില്‍ അകപ്പെടുകയും ചെയ്യുന്നു.
രാത്രി തന്നെ പോലീസ് അയാളെ ബിഷപ്പിന്റെ മുന്നില്‍ കൊണ്ടുചെന്ന് തെളിവെടുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ബിഷപ്പ് അത് അയാള്‍ മോഷ്ടിച്ചതാണെന്ന് പൊലീസിന് മുന്‍പില്‍ നിഷേധിക്കുകയാണ്. ഞാനത് സമ്മാനമായി നല്‍കിയതാണ്; ബിഷപ്പ് വാദിച്ചു. ആ നിമിഷത്തില്‍ ബിഷപ്പിന്റെ ദയ ”ജീന്‍ വാല്‍ ജീനിനെ” മാറ്റുന്നില്ലെങ്കിലും ക്രമേണ അയാളുടെ ജീവിതം ഈ കഥ മാറ്റുകയാണ്.
ഗലീലിയയില്‍ അവന്‍ കുറച്ചു മനുഷ്യരോട് പറഞ്ഞ സ്‌നേഹത്തിന്റെ കഥ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങളിലൂടെ’ (le miserable) കുറെയധികം മനുഷ്യര്‍ കേള്‍ക്കുകയായിരുന്നു.
ഓരോ മനുഷ്യനും അയാള്‍ പരിചയിച്ച സാഹചര്യങ്ങളുടെ സ്വയം ഇരയാണ്. അവിടെ നിന്ന് അയാള്‍ പുറത്തെ ലോകം തന്റെ മാത്രം ശരികളിലൂടെ നോക്കി കാണുന്നു. മറ്റുള്ളവരുടെ ശരികളും മനസ്സിലാക്കാന്‍ മനുഷ്യരെ സഹായിക്കുകയാണ് സംസ്‌കാരത്തിന്റെ ധര്‍മ്മം. അവിടെയാണ് കലയും, സാഹിത്യവും പ്രസക്തമാവുന്നത്. പുതിയ കഥകള്‍ നമുക്കറിയാത്ത പുതിയ ലോകങ്ങളിലേക്ക് പാലങ്ങള്‍ പണിതു വെയ്ക്കുന്നു.
ജെയിംസ് ദാസനും, അവന്റെ അനിയന്‍ സാബുവും പിന്നെ നിഴല്‍ പോലെ എപ്പോഴും കൂടെയുള്ള സോണിയ, ഗോവി എന്ന രണ്ടു കൂട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ ഇടപെടലുകള്‍ പറഞ്ഞുകൊണ്ടാണ് ‘സാബു എന്റെ അനിയന്‍’ എന്ന സിമ്മി കൈലാത്തിന്റെ പ്രഥമ മലയാള ഫീച്ചര്‍ ഫിലിം ആരംഭിക്കുന്നത്. അവരുടെ മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകള്‍ സാബുവിലൂടെ നമ്മള്‍ കാണുന്നുണ്ട്. അച്ഛനെ കുറിച്ച് കഥയില്‍ സൂചനയില്ല. ജെയിംസിന്റെ ജീവിത സ്വപ്നം ഭിന്നശേഷിക്കാരനായ തന്റെ അനിയന്‍ സാബു ഒരിക്കല്‍ „ചുവന്ന സാരിയുടുത്ത„ ഒരു പെണ്‍കുട്ടിയോടൊപ്പം സ്വന്തമായി ജീവിതത്തിലേക്ക് നടന്നു കയറുന്നതാണ്.
തന്റെ ജീവിതവും, കരിയറും ജെയിംസ് അതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നു. അതിനുവേണ്ടിയുള്ള ബ്രെയിന്‍ റിസേര്‍ച്ചിലാണ് ജെയിംസും, സുഹൃത്ത് കെന്നും ഏര്‍പ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ വളരെ പ്രോഗ്രസ്സിവ് ആയി അത് മുന്നോട്ട് പോകുന്നുമുണ്ട്. ഇതിനിടെ ഇവരുടെ ലോകത്തേക്ക് അവിചാരിതമായി വിദ്യാ മോഹന്‍ എന്ന വക്കീല്‍ കൂടി കടന്നു വരുന്നുണ്ട്. പതിയെ വിദ്യയും, ജെയിംസും പ്രണയത്തിലാകുന്നു. അവര്‍ അവരുടെ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്നത് നാം കാണുന്നു. അപ്പോഴും ജെയിംസിന് തന്റെ അനിയനെ കുറിച്ചുള്ള സ്വപ്നത്തിന് തന്നെയാണ് മുന്‍തൂക്കം.
എന്നാല്‍ എപ്പോഴും ഏതൊരു ജീവിതത്തിലുമെന്നപോലെ സാഹചര്യങ്ങള്‍ പ്രതികൂലമാവുന്നു. തന്റെ വലിയ പ്രതീക്ഷയായിരുന്ന റിസര്‍ച് ഇടയ്ക്ക് വെച്ച് നിന്നു പോകുന്നു. തന്റെ പ്രണയം വിവാഹത്തില്‍ വളരെ സന്തോഷകരമായി കലാശിച്ചെങ്കിലും, അനിയനിലുള്ള തന്റെ സ്വപ്ങ്ങള്‍ ഇനി നടക്കില്ല എന്ന തിരിച്ചറിവില്‍ ജെയിംസ് സ്വയം മദ്യ ലഹരിയില്‍ അഭയം തേടുകയാണ്. കഥ സ്‌പോയില്‍ ചെയ്യുന്നില്ല.
2017-ല്‍ സിമ്മി ജര്‍മ്മന്‍ ഭാഷയില്‍ ചെയ്ത ‘സോറ’ എന്ന നാല്പത്തിയഞ്ചു മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ഷോര്‍ട്ട് ഫിലിം കടുത്ത രോഗത്തിന്റെ വിഷാദഛായയില്‍ അകപ്പെട്ട കുടുംബാന്തരീക്ഷത്തിലേക്ക് സ്‌നേഹ സ്പര്‍ശമായി കടന്നുവരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ജീവിത സാഹചര്യങ്ങളാല്‍ ഒറ്റപ്പെട്ട തുരുത്തുകളില്‍ തനിച്ചാക്കപ്പെട്ട മനുഷ്യര്‍ ഈ യുവസംവിധായകനെ വീണ്ടും സ്വാധീനിക്കുന്നതാണ് ഈ നൂറ്റി ഇരുപത്തിയാറ് മിനിറ്റ് നീളമുള്ള ഈ ഫീച്ചര്‍ ഫിലിമിലും കാണാന്‍ കഴിയുന്നത്.
ജെയിംസ് അനിയനെന്ന സ്വപ്ന സാഷാത്ക്കാരമായി മുന്നോട്ട് പോകുമ്പോഴും അവന്റെ ലോകം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. സാബുവിന് അവന്റേതായ ലോകമുണ്ട്. അത് സാധാരണക്കാരുടെ ലോകത്ത് നിന്ന് വ്യത്യസ്തമാണെന്ന് മാത്രം. അവിടെയും വര്‍ണ്ണാഭമായ സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങളില്‍ സാബുവിന്റെ ജീവിതവും നമ്മുടെ ജീവിതമെന്നപോലെ സുന്ദരവും, പൂര്‍ണ്ണവുമാണ്. ‘ചുവന്ന സാരി’ യുടുത്ത ഒരു പെണ്ണ് സാബുവിന്റെ ജീവിതത്തിനൊപ്പം എന്നേ നടന്നു തുടങ്ങിയിരുന്നു. അത് തന്റെ അമ്മയായിരുന്നിട്ട് കൂടി ജെയിംസ് അതൊരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെയാണ് സിമ്മിയുടെ കഥ പറച്ചിലിന്റെ സൗന്ദര്യം നാം കാണുന്നത്.
സിമ്മി ഇങ്ങനെ അപരിചിതമായ ലോകങ്ങള്‍ നാം നമുക്ക് ഒപ്പമെത്താത്തവരെന്ന് കരുതുന്നവരിലുമുണ്ടെന്ന് തന്റെ കഥയിലൂടെ ദൃശ്യാനുഭവമാക്കുന്നു. സംവിധായകന്‍ സ്വയം തന്റെ കഥാപാത്രമായ „സാബുവിനെ” സിനിമയില്‍ മനോഹരായി അവതരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ കഥാപാത്രങ്ങള്‍ എല്ലാവരും ഇതില്‍ അറിഞ്ഞഭിനയിച്ചിരിക്കുന്നു. സാങ്കേതികമായി ഈ സിനിമയെ കൂടുതല്‍ നന്നാക്കാമായിരുന്നുവെന്ന് വേണമെങ്കില്‍ വിമര്‍ശനാത്മകമായി പറയാം.
ഈ സംരഭത്തിന്റെ അമരത്തും അണിയറയിലും പ്രവര്‍ത്തിച്ച സിമ്മി യുവാവാണ്. സിമ്മിയുടെ കഥകളും, സിനിമയോടുള്ള അഭിനിവേശവും സാങ്കേതിക തികവുള്ള നല്ല ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. അതിനായി കാത്തിരിക്കുന്നു. ഈ ചിത്രത്തിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനങ്ങള്‍. കഥ പറച്ചിലിന്റെ കരുത്ത് ഇനിയുമുണ്ടാകട്ടെ.
ചിത്രം കാണാം: