ഇന്ധന വില വര്‍ധനവിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
ദിനംപ്രതി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭ നിര്‍ത്തിവച്ച് വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്‍കിയ നോട്ടീസ് അധ്യക്ഷന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭ ഒരു മണി വരെ നിര്‍ത്തിവെച്ചു. ”ആദ്യ ദിവസം കടുത്ത നടപടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ പരാമര്‍ശിച്ച് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ്, കര്‍ഷക സമരം, ഇന്ധന വിലവര്‍ദ്ധന തുടങ്ങിയവക്കിടയിലാണ് ഇരുസഭകളും ഇന്ന് ചേര്‍ന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഇന്ധനവില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. സൈക്കിള്‍ ചവിട്ടിയും കാളവണ്ടിയില്‍ കയറിയും വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരത്തെ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ കഴിയില്ല എന്നാണ് കേന്ദ്രം ആവര്‍ത്തിക്കുന്നത്.