എതിര്‍പ്പ് ശക്തമായി ; പി.കെ ജമീല ബാലന്‍ മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം
അണികള്‍ക്ക് ഇടയില്‍ ഉണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ജമീലയുടെ സ്ഥാനാര്‍ഥിത്വം നേരത്തെ പാലക്കാട് ജില്ല നേതൃത്വം തള്ളിയിരുന്നു. തരൂരില്‍ പി.പി സുമോദ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. കോങ്ങാട് സീറ്റില്‍ കെ. ശന്തകുമാരിയും മത്സരിക്കും. അരുവിക്കരയില്‍ ജി. സ്റ്റീഫന്‍ തന്നെ സ്ഥാനാര്‍ഥിയാകും. വി.കെ മധുവിനെ മത്സരിപ്പിക്കണെമെന്ന ജില്ല നേതൃത്വത്തിന്റെ ആവശ്യം തള്ളി.
ബത്തേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എത്തിയ എം.എസ് വിശ്വനാഥന്‍ സ്ഥാനാര്‍ഥിയാകും. ദേവീകുളത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം പിന്നീടറിയിക്കും.ജമീലയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മന്ത്രി എ.കെ. ബാലനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍ ആരോപിച്ചിരുന്നു. ‘ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.’- ബാലന്‍ പറഞ്ഞു.