വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ; വനിതാ ദിനത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി
വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന സുപ്രധാന വിധി പ്രഖ്യാപിച്ചു സുപ്രീംകോടതി. വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗിക ബന്ധം പീഡനമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ 30 വയസുകാരന്‍ തന്റെ പെണ്‍ സുഹൃത്തിന് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് അത് പൂര്‍ത്തീകരിക്കാനാകാതെ വരികയും ചെയ്തു. തുടര്‍ന്ന് ഈ പെണ്‍കുട്ടി ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നല്‍കി. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും സുപ്രധാന വിധിയുണ്ടായത്.
ഈ കേസില്‍ പ്രതിക്കെതിരായ വിധിയാണ് നേരത്തെ വിചാരണ കോടതിയില്‍ നിന്നുമുണ്ടായത്. അത് നിലനില്‍ക്കെയാണ് പ്രതി സുപ്രീകോടതിയിലെത്തിയത്. വിവാഹ വാഗ്ദാനം ചെയ്യുന്ന സമയം സത്യസന്ധമായാണ് താന്‍ വിവാഹ വാഗ്ദാനം നല്‍കിയതെന്നും പിന്നീട് സാഹചര്യങ്ങള്‍ മാറിയപ്പോള്‍ ആ ബന്ധം തുടര്‍ന്നു പോകാനാകാതെ വരികയുമായിരുന്നുവെന്ന് ഇയാള്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് മുഖവിലക്കെടുത്തുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രതിയെ വെറുതെ വിട്ടത്.
അതേസമയം ബലാത്സംഗ കേസുമായി ബന്ധപ്പട്ട് കോടതി നടത്തിയ പരാമര്‍ശം തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ. ഇരയെ വിവാഹം കഴിക്കണമെന്ന് കോടതി ഒരിക്കലും നിര്‍ദ്ദേശിച്ചിട്ടില്ല. കോടതി എല്ലായ്‌പ്പോഴും സ്ത്രീകള്‍ക്ക് വലിയ ബഹുമാനം നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പരാമര്‍ശിച്ചു. ബലാത്സംഗത്തിനിരയായ 14 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സിജെഐയുടെ പരാമര്‍ശം.
ബലാത്സംഗ കേസ് പരിഗണിക്കവെ ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസിനെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അതിനാല്‍ തന്നെ അദ്ദേഹം സ്ഥാനം രാജി വെക്കണമെന്നുമാണ് വനിതാ സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് ശക്തമായ പിന്തുണയുമായി ബാര്‍ കൗണ്‍സില്‍ രംഗത്ത് എത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയായിരുന്നു ഇരയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ചോദിച്ചത്. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് ഇരയുടെ കുടുംബവും പ്രതിയും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണ പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നുണ്ടായ നടപടികളുടെ ഭാഗമായാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. ഈ ജാമ്യാപേക്ഷയായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്.