ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിപിഎം നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ചേര്‍ത്തലയില്‍ മുന്‍ സി.പി.എം നേതാവ് അഡ്വ. ജ്യോതിസ് പി. എസിനെ എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയാക്കി. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജ്യോതിസ് സി.പി.എം മരുത്തോര്‍ വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. അരൂരില്‍ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കാത്തതിനെത്തുടര്‍ന്നാണ് ജ്യോതിസ് പാര്‍ട്ടി വിട്ടത്. അരൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായതെന്നാണ് വിവരം.

ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പയിന് പിന്തുണ അറിയിച്ച സി.പി.എം നേതാവ് ആണ് എട്ട് ദിവസത്തിനുള്ളില്‍ മലക്കം മറിഞ്ഞ് എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസില്‍ ചേര്‍ന്നത്. അവസാനമായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകളെല്ലാം തന്നെ സി.പി.എമ്മുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ്. ബാല്യകാലത്തിലെ ദുരിതപൂര്‍ണ്ണമായ ജീവിതം തൊട്ട് പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള അനുഭവങ്ങള്‍ ‘ജ്യോതിസ്@50’ എന്ന പേരില്‍ പുസ്തകമാക്കി പുറത്തിറക്കുന്ന കാര്യവും ഫേസ്ബുക്കില്‍ തോമസ് ഐസക്കിന്റെയും ജി. സുധാകരന്റെയും ഫോട്ടോയോട് കൂടി തന്നെ അഡ്വ. പി.എസ് ജ്യോതിസ് പങ്കുവെച്ചിട്ടുണ്ട്. അരൂര്‍ മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ജ്യോതിസ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായതെന്നാണ് വിവരം.