ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടന്‍സ് അന്തരിച്ചു

സംഗീതാസ്വാദനത്തിനു പുതു മാനങ്ങള്‍ നല്‍കിയ ഓഡിയോ കാസറ്റ് എന്ന മഹത്തായ കണ്ടുപിടിത്തതിന് പിന്നിലെ ബുദ്ധികേന്ദ്രമായ ലൂ ഓട്ടന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഓഡിയോ കാസറ്റ് കൂടാതെ ഇന്നത്തെ സി.ഡികള്‍ എന്ന ആശയം പൂര്‍ത്തിയാക്കാന്‍ ഗവേഷണത്തിനുള്ള പങ്കുവഹിച്ച ആളു കൂടിയാണ് അദ്ദേഹം. 1957കളിലാണ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ ഫിലിപ്പ്‌സിന്റെ ഹാസെല്‍റ്റില്‍ അദ്ദേഹം ജോലിക്കെത്തിയത്. തുടക്കത്തില്‍ ഓഡിയോ ഉപകരണങ്ങള്‍ മാത്രം നിര്‍മിക്കലായിരുന്നു ഇവിടെ. ഉച്ചഭാഷിണികള്‍,ടേപ്പുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനിടെയാണ് അദ്ദേഹം കാസ്റ്റിന്റെ കണ്ടുപിടുത്തം നടത്തിയത്. കമ്പനിയിലേക്ക് എത്തിയതിന് പിന്നാലെയാണിത്.

1926ല്‍ ബെല്ലിങ്വോള്‍ഡെയില്‍ ജനിച്ച ഓട്ടന്‍സ് 1952ല്‍ ബെല്‍ജിയത്തിലെ ഫിലിപ്‌സ് ഫാക്ടറിയിലാണ് ആദ്യം ജോലി തുടങ്ങുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ല്‍ ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്മെന്റ് വിഭാഗം തലവനായി നിയമിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഓഡിയോ കാസറ്റ് നിര്‍മിച്ചു. 1963ല്‍ കാസറ്റ് ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിച്ചു. വാക്ക്മാന്‍ എന്ന ആശയത്തിന്റെ തുടക്കവും അതോടെയായിരുന്നു. ഓട്ടന്‍സ് കാസറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജപ്പാനും കാസറ്റ് നിര്‍മ്മിച്ചു. സോണിയും ഫിലിപ്‌സുമായി ഉണ്ടാക്കിയ കരാര്‍ ഓട്ടന്‍സിന് ആഗോളശ്രദ്ധ നേടിക്കൊടുത്തു. ഫിലിപ്‌സും സോണിയും ചേര്‍ന്ന് രൂപം നല്‍കിയ കോംപാക്ട് ഡിസ്‌കിന്റെ (സിഡി) പരീക്ഷണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 1979-ല്‍ അദ്ദേഹം വിരമിച്ചു.