ശബരിമല ; മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്ന് മന്ത്രി. 2018 ലെ സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചു മാത്രമേ തീരുമാനത്തിലെത്തുകയുള്ളുവെന്നും മന്ത്രി.
അതേസമയം മന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മന്ത്രിയുടെ നിലപാട് മാറ്റമെന്നും കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയാണ് വിശ്വാസ വേട്ട നടന്നത്. സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ മന്ത്രി ഇതുവരെ തയാറായില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. കടകംപള്ളി എത്ര കരഞ്ഞാലും വിശ്വാസികള്‍ മുഖവിലയ്ക്ക് എടുക്കില്ല. മന്ത്രിയുടെ മുതലക്കണ്ണീരിന് മാപ്പ് ലഭിക്കില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.