ആഫ്രിക്കയില്‍ എത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പി വി അന്‍വര്‍

താന്‍ ആഫ്രിക്കയില്‍ എത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പി വി അന്‍വര്‍. കക്കാടംപൊയിലെ തടയണയ്ക്കെതിരെ നടന്ന വിമര്‍നങ്ങളും തനിക്കെതിരെ നടന്ന പീഡനങ്ങളും കാരണമാണ് താന്‍ ആഫ്രിക്കയിലെത്തിയതെന്ന് പിവി അന്‍വര്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ ദ്രോഹിച്ചവര്‍ക്കായി തിരുവനന്തപുരത്ത് ചായ സല്‍ക്കാരം നടത്തുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

‘ആഫ്രിക്കയിലെ സിയാറാ ലിയോണില്‍ ഞാന്‍ 25 തടയണ കെട്ടിയിട്ടാണ് വരുന്നത്. അഞ്ച് തടയണ കൂടി കെട്ടാനിരിക്കുകയാണ്. അവിടെ മനുഷ്യന്‍ പട്ടിണി കിടക്കരുത് എന്നാണ് നയം. ഇവിടെ മനുഷ്യന്‍ പട്ടിണി കിടന്നാലും കുരങ്ങ് ജീവിച്ചാല്‍ മതിയെന്നാണ്.’- പിവി അന്‍വര്‍ പറഞ്ഞു. ആഫ്രിക്കയിലെ 25,000 കോടി രൂപയുടെ തന്റെ പദ്ധതി വലിയ നിലയിലേക്ക് മാറുമെന്നും ആറായിരം മലയാളികള്‍ക്ക് അവിടെ തൊഴില്‍ നല്‍കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. 6660 കോടി രൂപയാണ് തന്റെ ഇന്‍വെസ്റ്റ്മെന്റ്. എന്നാല്‍ ഈ 6660 കോടി രൂപ ഇപ്പോള്‍ നല്‍കേണ്ടതില്ല. ലാഭവിഹിതത്തില്‍ നിന്ന് വര്‍ഷങ്ങള്‍ കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന് പിവി അന്‍വര്‍ പറയുന്നു.

അതേസമയം നാട്ടില്‍ തിരിച്ചെത്തിയ എം എല്‍ എക്ക് വമ്പന്‍ സ്വീകരണമാണ് അണികള്‍ നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് അന്‍വര്‍ കോഴിക്കോട്ട് വിമാനമിറങ്ങിയത്. എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത് നിരവധി വാഹനങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് നിലമ്പൂരിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ദുബായിയില്‍ നിന്നും 11.20ന് കരിപ്പൂരില്‍ എത്തേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ഈ സമയം പാര്‍ട്ടി പതാകയും കൈയ്യിലേന്തി അന്‍വറിന്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ടും ധരിച്ച് മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാവിനെ വരവേല്‍ക്കുവാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വന്ന അന്‍വറിനെ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചു. അണികളുടെ ആവേശം മറികടന്ന് ഏറെ പണിപെട്ടാണ് സ്വന്തം വാഹനത്തില്‍ കയറുവാന്‍ എം.എല്‍.എക്ക് കഴിഞ്ഞത്. എഴ് ദിവസത്തെ ക്വറന്റൈന് ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമാകുവാനാണ് അന്‍വറിന്റെ തീരുമാനം. അടുത്ത ഏഴ് ദിവസം എടക്കരയിലെ വീട്ടില്‍ തന്നെയാണ് അന്‍വര്‍ ക്വാറന്റെനില്‍ കഴിയുക. അതുവരെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പ്രചാരണം നടത്തും.

പ്രവര്‍ത്തകരുടെ ആവേശത്തെ തനിക്ക് തടഞ്ഞ് നിറുത്തുവാന്‍ കഴിയില്ലെന്ന് അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം തനിക്കെതിരെ നിരവധി അപവാദ പ്രചരണങ്ങളാണ് നടത്തിയത്. തന്റെ ബിസിനസുകള്‍ ഇല്ലാതാകുവാനും, സാമ്പത്തികമായി തകര്‍ക്കുവാനും ശ്രമിച്ചു. അപവാദ പ്രചരണങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കും, അപ്പോള്‍ നിലമ്പൂരിലും അത് ആവര്‍ത്തിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.