ഓരോ തെരഞ്ഞെടുപ്പും ഒരേ തെറ്റിന്റെ തനിയാവര്‍ത്തനമോ?

ആന്റെണി പുത്തന്‍പുരക്കല്‍

തത്ത്വചിന്തകനായ ബെര്‍ട്രാന്‍ഡ് റസ്സല്‍ ഒരിക്കല്‍ പറഞ്ഞു: ”പട്ടിണി ഒഴിവാക്കാനും ജയിലില്‍ നിന്ന് പുറത്തുപോകാനും ആവശ്യമായ പൊതുജനാഭിപ്രായത്തെ മാനിക്കണം, എന്നാല്‍ ഇതിനപ്പുറമുള്ള എന്തും അനാവശ്യമായ സ്വേച്ഛാധിപത്യത്തിന് സ്വമേധയാ സമര്‍പ്പിക്കുകയാണ്.”

ജനാധിപത്യരാജ്യങ്ങളിലെ ഓരോ തെരഞ്ഞെടുപ്പും ഇടയ്ക്കിടെ നടക്കുന്ന ഒരു ദേശീയ തെരുവു ഗെയിം മാത്രമാണ്. ജയം വരിക്കുന്ന പാര്‍ട്ടികളും ജനപ്രതിനിധികളും ഇതിഹാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മാധ്യമങ്ങള്‍ ഘോഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ജനാധിപത്യമാണ് ശവക്കുഴികളിലേക്ക് തള്ളപ്പെടുന്നത്. എല്ലാ സാധാരണക്കാരായ സമ്മതിദായകരും ഓരോ തിരഞ്ഞെടുപ്പിനുശേഷവും ഇന്നലെ വരെ ചിന്തിക്കാന്‍ പോലും കഴിയാത്ത നയങ്ങളും അഴിമതിയും കണ്ട് സ്വയം സൃഷ്ടിച്ച അപകടത്തെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്നു. സമയവും തെരഞ്ഞെടുപ്പും കടന്നുപോകുന്നു, ജനങ്ങളും അവരുടെ ക്ഷേമവും വഷളാകുന്നു. രാഷ്ട്രീയം അതേപടി നിലനില്‍ക്കുന്നു. നിറവേറ്റപ്പെടേണ്ട വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ തെരഞ്ഞെടുപ്പിനു ശേഷം അവശേഷിക്കാറില്ല . ഇതിന്റെ പേരില്‍ ഒരു കൊടുങ്കാറ്റും ഉണ്ടാവില്ലെന്ന് ഭരണപക്ഷത്തിന് വ്യക്തമായി അറിയാം. അടുത്ത തെരഞ്ഞെടുപ്പുവരെ രാഷ്ട്രീയ ഉപരിതലത്തിനടിയില്‍ നേതൃത്വം വീണ്ടും ഭയാനകമായ സ്‌ഫോടനങ്ങള്‍ക്കായി തയ്യാറെടുപ്പു നടത്തും. ഇതാണ് ഭൂരിപക്ഷം രാജ്യങ്ങളിലും ഇന്നു നിലവിലുള്ള ജനാധിപത്യവും തെരഞ്ഞെടുപ്പും.

എന്താണ് ജനാധിപത്യം? ജനങ്ങള്‍ക്കു അവരുടെ ഭരണാധികാരികളുടെ മേലുള്ള ആധിപത്യമാണോ, അതോ, ഭരിക്കുന്നവര്‍ക്ക് പൗരന്റെമേലുള്ള ആധിപത്യമാണോ? ഉത്തരം വ്യക്തമാണ്. എന്നാലും ഓരോ തെരഞ്ഞെടുപ്പിനെയും ‘തുടര്‍ച്ചയായ ഒരു തെറ്റ്’ എന്ന് വിളിക്കാം. അതെ, ഭൂരിപക്ഷം പൗരന്മാരും ഒരു അവലോകനത്തിനു തയ്യറാകുമ്പോള്‍, വീണ്ടും ‘തെറ്റ്’ ആവര്‍ത്തിച്ചു എന്ന കുറ്റബോധമുളവാക്കുന്ന പ്രക്രിയയെയാണ് നാം തെരഞ്ഞെടുപ്പ് എന്നു വിളിക്കുന്നത്.

സമ്പൂര്‍ണ്ണവും സമഗ്രവുമായ സ്വാതന്ത്ര്യം എന്തെന്ന് അറിയാത്തവര്‍ക്ക് അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നും എപ്പോഴും അനിശ്ചിതത്വവും ഉത്കണ്ഠയും നിറഞ്ഞതാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യം അറിഞ്ഞ്, അതനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത മനുഷ്യര്‍ വളരെ പരിമിതമായ സ്വാതന്ത്ര്യം തങ്ങള്‍ക്കു നല്കുകയും നിരന്തരം ഭയപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് ഇഷ്ടപ്പെടുക. ഭരണാധികാരികളുടെ ഒരോ ചൂഷണവും രാഷ്ട്രനിര്‍മ്മിതിക്കുവേണ്ടിയുളള പൗരന്റെ വലിയ ത്യാഗമാണെന്നു അവര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തേക്കാള്‍ ഇവര്‍ക്ക് മനസ്സില്‍ നിറയെ അജ്ഞാതമായ ഒരു ഭയമാണ് എപ്പോഴും. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നല്കുന്ന സംതൃപ്തിയേക്കള്‍ ഇവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് അസ്വാതന്ത്ര്യത്തിലെ സുരക്ഷിതക്കുറവാണ്.

ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് ഇഷ്ടമുള്ളത് എന്തും തിരഞ്ഞെടുക്കാനുള്ള വിവേചനാധികാരം യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ ഈ സ്വാതന്ത്ര്യം ഒരു സമ്മതിദായകനും കാണിക്കാറില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് മിക്കവരും കരുതുന്നു. അതുകൊണ്ടുതന്നെ നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനും നമ്മള്‍ തയ്യാറാണ്. ഇങ്ങനെ ചെയ്തില്ലങ്കില്‍ അത് നമ്മെ കീഴടക്കുമെന്ന് നമ്മള്‍ കരുതുന്നു. അല്ലെങ്കില്‍, നമ്മള്‍ അത് അര്‍ഹിക്കുന്നില്ലെന്ന് സ്വയം തീരുമാനിക്കുന്നു. അതുമല്ലെങ്കില്‍ അതു നമ്മെ വഴിതെറ്റിക്കുമെന്ന് നമ്മള്‍ ഭയപ്പെടുന്നു. ഇതുകൊണ്ടാണ് നമ്മള്‍ ഓരോ പ്രാവശ്യവും സ്വയം തിരഞ്ഞെടുക്കാന്‍ കഴിയാത്ത തിരഞ്ഞെടുപ്പിന് (choiceless election) തയ്യാറാകുന്നത്. യഥാര്‍ത്ഥ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യമല്ലെന്ന് ഒരോ പൗരന്‍മാരും അറിയുന്ന കാലത്ത് തെരഞ്ഞെടുപ്പുകള്‍ക്കു അര്‍ഥവും വിലയും ഉണ്ടാകും. പൗരനെ എപ്പോഴും ഒരു സ്വപ്നലോകത്ത് നിലനിര്‍ത്താന്‍ നേതാക്കന്മാര്‍ക്ക് സാധിക്കുന്നു. ഈ സ്വപ്നലോകം ശീലവിധേയത്വമാര്‍ന്ന മനസ്സുകളുടെ കൂട്ടായ്മ സൃഷ്ടിക്കുന്ന ദിവാസ്വപ്നങ്ങള്‍ മാത്രമാണ്.

ഇന്ന് ലോകത്ത് അനവധി രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും ജനാധിപത്യത്തിലെ ഏകാധിപതികളാണ്. അവര്‍ ജനാധിപത്യത്തെക്കുറിച്ചും ജനപങ്കാളിത്വത്തെക്കുറിച്ചും എപ്പോഴും സംസാരിക്കുന്നു, എന്നാല്‍ അവരുടെ ഉള്ളില്‍ അവര്‍ ഏകാധിപതികളാണ്. രാജ്യത്തിന്റെ സാമ്പത്തികമോ, രാഷ്ട്രീയമോ, സാമുദായികമോ ആയ പ്രശ്‌നങ്ങളെ സമഗ്രമായി കാണാന്‍ ഭരണാധികാരികള്‍ക്കോ, പൗരന്മര്‍ക്കോ കഴിയുന്നില്ല. അപക്വവും അവാസ്തവവുമായ ഒരു അപഗ്രഥന പ്രക്രിയയുടെ ദൂഷിതവലയത്തിലെ അടിമയായി എന്നും പൗരന്‍ നിലകൊള്ളുന്നു. ചലനരഹിതമായ, ദിശാബോധമില്ലാത്ത ചിന്തയുടെ മാറാപ്പ് അവന്റെ തലയില്‍ വെച്ചുകൊടുത്താല്‍ അവന്‍ എന്നും ഭഗ്‌നാശയനായി ജീവിക്കുമെന്ന് നേതൃത്വത്തിനറിയാം. മാറിമാറിവരുന്ന രാഷ്ട്രീയ പരിതഃസ്ഥിതിയെക്കുറിച്ച് പൗരന്‍ അറിയാതിരിക്കാന്‍ അവനെ കൗശലക്കാരയ രാഷ്ട്രീയനേതൃത്വം വലതുപക്ഷത്തിന്റെയോ ഇടതുപക്ഷത്തിന്റെയോ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് തള്ളി വിടുന്നു.

രാജ്യത്തിന്റെ സമഗ്രമായ നിര്‍മ്മിതിയില്‍ ആശയ ദാരിദ്ര്യം അനുഭവിക്കുന്ന രാഷ്ട്രീയനേതൃത്വം പ്രാദേശിക വിഷയങ്ങള്‍ വഷളാകുമ്പോള്‍ അതിനെ ദേശീയ വിഷയങ്ങളാക്കി മാറ്റുന്നു. ദേശീയ വിഷയങ്ങള്‍ നിയന്ത്രണാതീതമാകുമ്പോള്‍ അവയെ രാജ്യാന്തര വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നിന്ന് എന്നും ഒളിച്ചോടുന്ന ഭരണകര്‍ത്താക്കള്‍ പൗരന്മാരില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചു മുന്നേറുന്നു. ആധുനിക ജനാധിപത്യം സങ്കീര്‍ണമായ അനവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമാണ് വിഭാഗീയ ചിന്തകള്‍. പൗരന്മാര്‍ പണ്ടേ രാഷ്ട്രീയത്തില്‍ നിരാശരാണെന്നു നേതൃത്വങ്ങള്‍ക്കറിയാം. ഇവരുടെ വിരസ മാറ്റാനുള്ള ഏറ്റവും പുതിയ വിഷയം വര്‍ണ്ണ, വര്‍ഗ്ഗ മത വിദ്വേഷം സൃഷ്ടിക്കുക എന്നതാണ്.

ഭരണപരാജയങ്ങളെ ചൂണ്ടിക്കാട്ടുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണത തുടങ്ങിയിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടായി. ഇന്ന് ലോകത്ത് ഭാണകൂടങ്ങള്‍ വിമര്‍ശനങ്ങളെ ഭയപ്പെടുന്നു. വിമര്‍ശനം സാമാന്യബുദ്ധിയുമായും പരിജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതും രാഷ്ട്രനിര്‍മ്മിതിയുടെ ഭാഗമായി ഭരണാധികാരികള്‍ കണക്കാക്കുന്നില്ല. അടിസ്ഥാന ഭരണഘടനാ മാനദണ്ഡങ്ങളെ പരസ്യമായി പുച്ഛിക്കുന്നതും ലംഘിക്കുന്നതും അധികാരവര്‍ഗ്ഗം തന്നെയാണ്. അങ്ങനെയെങ്കില്‍ ഇവരല്ലേ യഥാര്‍ത്ഥ രാജ്യദ്രോഹികള്‍? വാസ്തവത്തില്‍, വിമര്‍ശനാത്മകമായ മനസ്സ്, എല്ലാ സുപ്രധാന അനുഭവങ്ങള്‍ക്കും, സാമൂഹികവും ചരിത്രപരവുമായ നിര്‍മ്മാണത്തിന്റെയും പുനര്‍നിര്‍മ്മാണത്തിന്റെയും സ്ഥിരമായ പ്രക്രിയയുടെ ഭാഗമാണ്. ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയും വിജയവും നിലനില്‍ക്കുന്നത് ക്രിയാത്മകമായ വിമര്‍ശനജിജ്ഞാസയിലാണ്.

ജനാധിപത്യരാജ്യങ്ങളില്‍ ഇന്നു തെരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനമാണ്. അതിനുദാഹരണമാണ് ഏഥന്‍സ് മുതല്‍ അങ്കാറ വരെയും സിഡ്‌നി മുതല്‍ സ്റ്റോക്ക്‌ഹോം വരെയും വാര്‍സോ, മുതല്‍ ഡല്‍ഹി വരെയും പ്രീണനരാഷ്ട്രീയ ക്കാരുടെ തേരോട്ടം. ഇവിടെ ജനാധിപത്യം തളരുകയും തിരഞ്ഞെടുപ്പിലൂടെ സ്വേച്ഛാധിപത്യം വളരുകയും ചെയ്യുന്നു. എന്ത് അഴിമതിയും സ്വജനപക്ഷപാതവും കാട്ടാനുള്ള നിയമസാധുതയാണ് തെരഞ്ഞെടുപ്പും ജനാധിപത്യവും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പൗരന്മാരുടെമേലും രാജ്യത്തിന്റെമേലും സ്വേച്ഛാധിപതിപതികള്‍ക്കുളള അധികാരം സ്ഥാപിക്കാനുള്ള തീറാധരമാണ് തെരഞ്ഞെടുപ്പ്. ഓരോ തെരഞ്ഞെടുപ്പിനുശേഷവും ജനാധിപത്യവാദികളുടെ ഏകീകരണമല്ല, വര്‍ഗ്ഗാധിപതികളുടെ രൂപീകരണമാണ് സംഭവിക്കുന്നത്.

പൗരന്റെ പ്രത്യയശാസ്ത്രപരമായ അടിമത്തമാണ് ജനാധിപത്യം പരാജയപ്പെടാനുളള ഏറ്റവും പ്രധാന കാരണം. പുരോഗമനപരമായ വിദ്യാഭ്യാസം കൊണ്ട് ഇതു നേടുമെന്ന് പലരും കരുതുന്നു. എന്നാല്‍ വിദ്യാഭ്യാസം മാത്രമല്ല, വിമര്‍ശനാത്മകവും ധീരവും സാഹസികവുമായ യുക്തിബോധത്തിന്റെ അടിസ്ഥാനവും ഇതിനുണ്ടാകണം. ഉയര്‍ന്ന വിദ്യാഭ്യാസവും സുരക്ഷിതത്വവുമുളള യൂറോപ്പില്‍ പോലും നവനാസികളും വലതുപക്ഷ തീവ്രവാദവും വളരുന്നത് യുക്തിബോധത്തിന്റെ അഭാവം കൊണ്ടല്ല. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും അപ്പുറം നമക്കുണ്ടാകേണ്ട മാനവികതയുടെ അഭാവം മൂലമാണ്. വിമര്‍ശനാത്മക ജിജ്ഞാസയോടെപ്പം ധാര്‍മ്മിക മൂല്യങ്ങളും നമുക്ക് ഉണ്ടായിരിക്കണം. ഒരു സാമൂഹിക-ചരിത്ര പശ്ചാത്തല ബന്ധത്തില്‍ രാഷ്ട്രീയ നേതാക്കളെ താരതമ്യപ്പെടുത്താനും വിലയിരുത്താനും ഓരോ സമ്മതിദായകനും കഴിയണം. ജനാധിപത്യത്തില്‍ പൗരന്മര്‍ ഒരിക്കലും നിരായുധരല്ല. ആയുധം എടുക്കേണ്ടപ്പോള്‍ എടുക്കാനും അതു പ്രയോഗിക്കേണ്ടത് എപ്പോഴെന്നു അറിയുന്നവനാണ് ഒരു നല്ല പോരാളി.

തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ യാതൊരു അവകാശവുമില്ലാത്തവരായി ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ സ്വയം മാറുന്നത് അവരുടെ തെറ്റായ തെരഞ്ഞെടുപ്പു മൂലമാണ്. രാഷ്ട്രസൃഷ്ടി എന്ന വെറും മോഹനവും ശൂന്യവുമായ വാഗ്ദാനത്തില്‍ നാം നിരന്തരം വഞ്ചിക്കപ്പടുകയല്ലേ? ജനാധിപത്യം വിജയിക്കണമെങ്കില്‍ ഓരോ പൗരനും സമഗ്ര ജീവിതത്തിന്റെ വാസ്തവിക പ്രക്രിയകളെ അനുബന്ധിക്കുന്ന പരിശീലനത്തിന് സ്വയം വിധേയമാകണം. അധികാരവും പദവിയും നിലനിര്‍ത്താന്‍ വേണ്ടി സത്യദര്‍ശനമോ, സന്മനോഭാവമോ ഇല്ലാത്ത, ആത്യന്തികമായി സത്യവും ധര്‍മ്മവും അവഗണിക്കുന്ന രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ ബലിയാടകാതിരിക്കാനുളള വിവേകമെങ്കിലും ഓരോ പൗരനും ഉണ്ടാകണം. സമ്മതിദായകന്‍ ഒരിക്കലും ജനാധിപത്യമെന്ന ഒരു പഴിദ്രവിച്ച പാരമ്പര്യങ്ങളുടെ ചിതല്‍പ്പുറ്റാര്‍ന്ന വേലിക്കെട്ടിനെ താങ്ങി നിര്‍ത്താന്‍ മാത്രം വിധിക്കപ്പെട്ടവനല്ല എന്ന് ഒരോ തെരഞ്ഞെടുപ്പും നമ്മെ ഓര്‍മ്മിപ്പിക്കുന്നതു നല്ലതാണ്.