പി.വി അന്‍വറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യവുമായി ഹൈക്കോടതി
നാട്ടില്‍ തിരിച്ചെത്തിയ പി. വി അന്‍വര്‍ എംല്‍എക്കെതിരെ ഹൈക്കോടതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിക്കുന്നു. എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് മൂന്ന് വര്‍ഷം മുന്‍പ് ഉത്തരവിട്ടിരുന്നു. ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു. പി. വി അന്‍വറിനെതിരെ നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പി.വി അന്‍വറിന്റെയും കുടുംബത്തിന്റെയുമായി ഏകദേശം 207 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്ററുമായ കെ വി ഷാജിയുടെ ഹര്‍ജിയിലാണ് നടപടി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി വി അന്‍വര്‍ അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അന്‍വറിനു മിച്ചഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്‍വറിനു കൈവശം വയ്ക്കാവുന്നതിലും അധികം ഭൂമിയുണ്ടോയെന്ന് ജില്ലാ കളക്ടര്‍മാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അന്‍വറിനെതിരെ സീലിങ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ആധാരം പരിശോധിക്കുകയും കേസിന്റെ ഡ്രാഫ്റ്റ് തയാറാക്കുകയും ചെയ്യുന്ന ഘട്ടമെത്തി. എന്നാല്‍ മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തുകയും നടപടിയുമായി മുന്നോട്ടു പോവുകയും ചെയ്ത ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. ഏബ്രഹാമിനെ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് കണ്ണൂരിലേക്കു സ്ഥലം മാറ്റി. വിഷയത്തില്‍ അന്‍വറിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്നു ചോദിക്കാനിരിക്കെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയത്. പിന്നീട് നടപടികള്‍ മുന്നോട്ടു പോയില്ല.