കന്നി അങ്കത്തിന് തയ്യാറായി കമല്‍ഹാസന്‍ ; മത്സരിക്കുന്നത് കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന്
പ്രമുഖ നടന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലെ കന്നി അങ്കത്തിന് ഇറങ്ങുന്നു. കോയമ്പത്തൂര്‍ സൗത്ത് നിയോജക മണ്ഡലത്തില്‍ ആണ് കമല്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്നത്. തമിഴ്‌നാട് നിയമസഭയിലേക്ക് ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം പാര്‍ട്ടിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയും കമല്‍ഹാസന്‍ പുറത്തിറക്കി.
നിയമസഭയില്‍ തന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാനും നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടാനും മണ്ഡലത്തിലെ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച താരം, തന്റെ അന്തരിച്ച പിതാവ് ശ്രീനിവാസനെയും ചടങ്ങില്‍ സ്മരിച്ചു. ” ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്നാണ് അച്ഛന്‍ ആഗ്രഹിച്ചത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങണമെന്നും. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹം എനിക്ക് തിരിച്ചറിയാനായില്ല. പക്ഷെ, എന്റെ പാര്‍ട്ടി നിരവധി ഐഎഎസുകാരെ ഉള്‍ക്കൊള്ളുന്നതാണ്.
ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്”- മാധ്യമ പ്രവര്‍ത്തകരോട് കമല്‍ ഹാസന്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍, ആളുകള്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ് കമല്‍ഹാസന്‍ സ്വീകരിച്ചത്. ലഭിക്കുന്ന അപേക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ ആയിരിക്കും മത്സരിപ്പിക്കുക. വീട്ടമ്മമാര്‍ക്ക് ശമ്പളം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോ?ഗപ്പെടുത്താന്‍ സൗജന്യമായി കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും നല്‍കും തുടങ്ങിയവയാണ് എംഎന്‍എം നല്‍കുന്ന വാഗ്ദാനങ്ങള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആകെ 234 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. ബാക്കി 80 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികള്‍ മത്സരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷികള്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം എന്‍ എം 4 ശതമാനം വോട്ട് നേടിയിരുന്നു.
നഗരപ്രദേശങ്ങളില്‍ 10 ശതമാനം വോട്ട് ഷെയര്‍ നേടാനും എം എന്‍ എമ്മിന് കഴിഞ്ഞിരുന്നു. കോയമ്പത്തൂരില്‍ നിന്ന് മത്സരിച്ച എം എന്‍ എം വൈസ് പ്രസിഡന്റ് ഡോ. ആര്‍ മഹേന്ദ്രന്‍ 1.45 ലക്ഷം വോട്ട് നേടിയിരുന്നു. ആകെ വോട്ട് ഷെയറിന്റെ 11.6 ശതമാനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കമല്‍ ഹാസന് വളരെ മുന്‍പ് തന്നെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച താരമായിരുന്നു രജനികാന്ത്. എന്നാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം രാഷ്ട്രീയത്തില്‍ താന്‍ പിന്മാറയുകയാണ് എന്നാണ് രജനി അടുത്ത കാലത്തായി വ്യക്തമാക്കിയത്.