സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ; ഒരാള്‍ വനിതാ സ്ഥാനാര്‍ഥി
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. 25 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഏറെക്കാലത്തിനു ശേഷം പട്ടികയില്‍ വനിതാ പ്രാതിനിധ്യവുമുണ്ട്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. മൂന്ന് തവണ എംഎല്‍എമാരായി ഇരുന്നവര്‍ക്ക് ഇത്തവണ സീറ്റില്ല. എന്നാല്‍, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, കെ എന്‍ എ ഖാദര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദു സമദ് സമദാനി സ്ഥാനാര്‍ഥിയാകും. പുനലൂര്‍, ചടയമംഗലം ഇതില്‍ ഏത് സീറ്റിലാണ് മത്സരിക്കുന്നതെന്ന് അറിഞ്ഞ ശേഷം ഇവിടത്തെയും പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെ പിന്നീട് നിശ്ചയിക്കും.യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.
അഴിമതിക്കേസില്‍ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദീനേയും ഒഴിവാക്കി. കളമശ്ശേരിയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂറാണ് സ്ഥാനാര്‍ഥി. 1996 ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും. 1996 ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.
കോഴിക്കോട് സൗത്തില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എ എം കെ മുനീര്‍ ഇത്തവണ കൊടുവള്ളിയില്‍ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ തിരിച്ചുപിടിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് മാറി മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയില്‍ മത്സരിക്കും.