ഫോണിലൂടെ നിര്‍ദ്ദേശം നല്‍കി ഡോക്ടര്‍ ; യുവതിയുടെ പ്രസവമെടുത്ത് അധ്യാപിക

മൈസൂരുവിലെ 35 കാരിയായ മല്ലികയ്ക്ക് മുന്നിലേക്ക് ഹൈസ്‌കൂള്‍ അദ്ധ്യാപിക ശോഭ പ്രകാശ് പ്രത്യക്ഷപ്പെട്ടത് ഒരു ദൈവദൂതയെ പോലെ. മൈസൂരുവിലെ നസറാബാദിലെ ഒരു പാര്‍ക്കില്‍ വെച്ച് മുംബൈയിലുള്ള ഡോക്ടറുടെ ഫോണ്‍ കോളിന്റെ സഹായത്തോടെ മല്ലികയുടെ പ്രസവം ശുഭപര്യവസായിയാക്കാന്‍ കഴിഞ്ഞത് ശോഭ ഉള്ളതുകൊണ്ട് മാത്രമാണ്. കൊഡാഗു ജില്ലയിലെ ഗോണിക്കോപ്പലില്‍ നിന്നുള്ള ആദിവാസി സ്ത്രീയാണ് മല്ലിക. മിനി വിധന്‍ സൗദയ്ക്ക് എതിര്‍വശത്ത് നസറാബാദിലെ ഒരു പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടയിലാണ് മല്ലികയ്ക്ക് പ്രസവവേദന തുടങ്ങിയത്. നാല് വയസ്സുള്ള ഒരു മകനും ഒരു മകളും ഉള്‍പ്പെടെ മല്ലികയുടെ മറ്റ് രണ്ട് മക്കളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

അവര്‍ക്ക് രക്തസ്രാവം തുടങ്ങിയപ്പപോള്‍ തന്നെ സഹായത്തിനായി വഴിയാത്രക്കാര്‍ അവര്‍ക്ക് അരികിലെത്തി. അടിയന്തരമായി ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ആ സമയം നാവിലൂരിലെ സ്‌കൂളിലെത്താന്‍ ബസ് പിടിക്കാന്‍ പോവുകയായിരുന്നു ശോഭ പ്രകാശ്. നാട്ടുകാര്‍ ശോഭയോട് മല്ലികയെ സഹായിക്കാന്‍ ആവശ്യപ്പെടുകയും, മല്ലികയുടെ വേദന കണ്ട് ഉടന്‍ തന്നെ ശോഭ സഹായിക്കാന്‍ സന്നദ്ധയാവുകയായിരുന്നു.

അവിടെ ഉണ്ടായിരുന്ന കാര്‍ത്തിക് എന്ന യുവാവ് മുംബൈയിലെ ഒരു ഡോക്ടറെ വിളിച്ച് ശോഭയ്ക്ക് ഫോണ്‍ നല്‍കി.തുടര്‍ന്ന് പ്രസവം എടുത്തു എങ്കിലും കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിള്‍ക്കൊടി എങ്ങനെ മുറിക്കുമെന്നറിയാതെ പകച്ചുപോയി. എന്നാല്‍ അപ്പോഴേക്കും ആംബുലന്‍സ് സ്ഥലത്തെത്തിയെന്ന് ശോഭ അനുഭവം പങ്കുവെക്കുന്നു. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റാഫ് ചുമതലയേറ്റെടുക്കുകയും പൊക്കിള്‍ക്കൊടി മുറിക്കാന്‍ സഹായിക്കുകയും ചെയ്തു. തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ശോഭ പറയുന്നു.

ശോഭ പിന്നീട് മല്ലികയെ സന്ദര്‍ശിക്കുകയും കുഞ്ഞിന് 2,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രാദേശിക പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷനും അവരെ സഹായിച്ചു. അരുവട്ടോക്ലുവിലെ താമസക്കാരിയായ മല്ലിക, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായി വഴക്കിട്ട്പിരിഞ്ഞിരുന്നു. പ്രസവവേദന അനുഭവപ്പെട്ട സമയത്ത് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. ഒരു പ്രാദേശിക ഹോട്ടലില്‍ ജോലി ചെയ്താണ് മല്ലിക തനിക്കും കുട്ടികള്‍ക്കും ജീവിതച്ചെലവിന് വേണ്ട പണം കണ്ടെത്തിയിരുന്നത്.