നിയമസഭാ കൈയാങ്കളി ; കേസ് പിന്‍വലിക്കാനാകില്ല എന്ന് ഹൈക്കോടതി ; സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയി ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ തിരുവനന്തപുരം സി ജെ എംകോടതിയും സമാനമായ ആവശ്യം തള്ളിയിരുന്നു. ഇതോടെ കെ ടി ജലീലും ഇ പി ജയരാജനും നാല് എംഎല്‍എമാരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. 2015 മാര്‍ച്ച് 13 ന്, അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണു കേസ്.

ജസ്റ്റിസ് വിജെ അരുണിന്റെ ബഞ്ചാണ് ഹരജി തള്ളിയത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015ല്‍ ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുകയും കസേരകള്‍ മറിച്ചിടുകയും കമ്പ്യൂട്ടര്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. നിയമസഭക്കുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമസഭ സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.

ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം ടി തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.