യുവതി സ്വയം മുക്കില്‍ ഇടിക്കുകയായിരുന്നു ; യുവതിക്കെതിരെ സൊമാറ്റോ ഡെലിവറി ബോയ്

ബംഗളൂരുവില്‍ സൊമാറ്റോ ഡെലിവറി ബോയ് മൂക്കിടിച്ചു തകര്‍ത്തു എന്ന സംഭവത്തില്‍ വഴിത്തിരിവ്. മോതിരം ഇട്ട കൈ കൊണ്ട് യുവതി സ്വയം മുക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പിടിയിലായ സൊമാറ്റോ ഡെലിവറി ബോയി കാമരാജ് പോലീസിന് മൊഴിനല്‍കി. ‘ഭക്ഷണം എത്താന്‍ വൈകിയതില്‍ യുവതി ദേഷ്യപ്പെട്ടു. എന്നാല്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ട് പോയെന്ന് പറഞ്ഞ് ഞാന്‍ ക്ഷമ ചോദിച്ചു. പക്ഷേ യുവതി കൂട്ടാക്കിയില്ല. ഭക്ഷണത്തിന്റെ പണം നല്‍കാന്‍ പറഞ്ഞിട്ടും യുവതി അത് കേട്ടില്ല.

കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടുകയാണെന്ന് പറഞ്ഞു. ഒടുവില്‍ യുവതിയുടെ ഓര്‍ഡര്‍ ക്യാന്‍സലായി. ഭക്ഷണം തിരികെ ഏല്‍പ്പിക്കാന്‍ പറഞ്ഞപ്പോള്‍ യുവതി തയാറായില്ല. തുടര്‍ന്ന് ഞാന്‍ അവിടെ നിന്ന് തിരികെ പോരാന്‍ ഒരുങ്ങി. കലിയടക്കാനാകാത്ത യുവതി ലിഫ്റ്റിനടുത്ത് വന്ന് എന്നെ ചീത്ത വിളിക്കുകയും, ചെരുപ്പ് വലിച്ചെറിയുകയും ചെയ്തു. എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കൈയിലിടിച്ചതും മോതിരം മൂക്കില്‍ കൊണ്ട് ചോര വന്നതും’.

യുവതിയെ മര്‍ദിച്ച സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിലാകുന്നത് ഇന്നലെയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദുരനുഭവം ഹിതേഷാ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമര്‍ കെയറില്‍ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു.

ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് ഭക്ഷണം വേണ്ടെന്നും താന്‍ കസ്റ്റമര്‍ കെയര്‍ മായി സംസാരിക്കുകയാണെന്നും ഹിതേഷ കാമരാജിനോട് പറഞ്ഞു. ഞാന്‍ നിങ്ങളുടെ അടിമയാണോ എന്ന് ചോദിച്ചായിരുന്നു കാമരാജ് യുവതിക്ക് നേരെ മര്‍ദനം അഴിച്ചുവിട്ടത്. മൂക്കില്‍ നിന്നും ചോര പൊടിയുന്നത് കണ്ടു കാമരാജ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഹിതോഷയുടെ ഭാഗം.