സഹോദരിയുടെ കാമുകന്റെ വെട്ടിയെടുത്ത തലയുമായി 22കാരന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി
മധ്യപ്രദേശില്‍ സഹോദരിയുടെ കാമുകന്റെ വെട്ടിയെടുത്ത തലയുമായി 22കാരന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. ജബല്‍പുര്‍ സ്വദേശി 22കാരനായ ധീരജ് ശുക്ലയാണ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. രാമങ്കര ഗ്രാമവാസിയായ ബ്രിജേഷ് ബര്‍മനെന്ന 35കാരനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കാമുകന്‍ കൊലപ്പെട്ടു മിനിട്ടുകള്‍ക്കകം ധീരജിന്റെ സഹോദരി തൂങ്ങിമരിച്ചു. ധീരജ് ബ്രിജേഷിന്റെ ഇരുകൈകളും വെട്ടിമാറ്റുകയും പിന്നീട് തലയറുക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ബ്രിജേഷിന്റെ വെട്ടിയെടുത്ത തലയും കോടാലിയുമായി ധീരജ് ജബല്‍പുര്‍ സ്‌റ്റേഷനിലെത്തി. ശരീരത്തിന്റെ ബാക്കി ഭാഗം എവിടെയാണെന്ന് പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
കുടുംബത്തില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് അന്യമതസ്ഥനായ ബ്രിജേഷിനൊപ്പം ധീരജിന്റെ സഹോദരി ഒളിച്ചോടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇരുവരെയും കണ്ടെത്തുകയും സ്വന്തം വീടുകളിലേക്ക് മടക്കി അയക്കുകയും ചെയ്യുകയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കും അക്രമവും ഉണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ബ്രിജേഷിനെ പിന്തുടര്‍ന്ന് ധീരജ് ആക്രമിക്കുകയായിരുന്നു. ധീരജ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരീരത്തിന്റെ ബാക്കിഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. ധീരജിനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.