വിദ്യാഭ്യാസം പത്താം ക്ലാസ് ; വ്യാജ ഡോക്ക്ട്ടര്‍ ചികിത്സ നടത്തിയത് ആയിരത്തിലേറെ രോഗികള്‍ക്ക്
വൈദ്യ ഫിയ റാവുത്തര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചരണം നടത്തി സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളില്‍ ചികിത്സിച്ച പെരിങ്ങമല വില്ലേജില്‍ ഡീസന്റ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മന്‍സിലില്‍ ആരിഫാ ബീവിയുടെ മകള്‍ സോഫി മോളെ( 43 ) യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. തലശേരി കീര്‍ത്തി ആശുപത്രിയില്‍ ഇവര്‍ മാറാ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ പൊലീസ് രഹസ്യാന്വഷണ വിഭാഗം അന്വേഷണം നടത്തുകയും ഇവര്‍ വ്യാജ ഡോക്ടറാണെന്ന സംശയം ചൂണ്ടിക്കാണിച്ച് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ ചികിത്സയെ തുടര്‍ന്ന് മാറാ രോഗം മാറിയതായി നവ മാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തെ ത്തുടര്‍ന്നു നിരവധി പേര്‍ കീര്‍ത്തി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയും ചേര്‍ത്തായിരുന്നു ഇവരുടെ ചികിത്സ രീതികള്‍.
മാറാരോഗികളെ ചികിത്സിക്കുന്ന ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് സോഷ്യല്‍ മീഡിയ വഴിയും മറ്റും മാറാരോഗങ്ങള്‍ മാറ്റുമെന്ന് പരസ്യം നല്‍കി മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തിയതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പെരിങ്ങമല സ്വദേശിയായ ഇവര്‍ വര്‍ഷങ്ങളായി കാസര്‍ഗോഡ് ജില്ലയില്‍ നീലേശ്വരം, മടിക്കൈ, എരിക്കുളം, കാഞ്ഞിരംവിള പ്രദേശങ്ങളില്‍ താമസിച്ചു ചികിത്സ നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആദ്യ ഭര്‍ത്താവുമൊത്തായിരുന്നു ആദ്യ കാലങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ നടത്തിയിരുന്നത്. ഇപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങിയതിനെ തുടര്‍ന്ന് സ്വന്തമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ നടത്തിവരവെയാണ് അറസ്റ്റിലായത്. സോഫിയ റാവുത്തര്‍ എന്ന പേരിലും വൈദ്യ ഫിയ റാവുത്തര്‍ എന്ന ഫേസ് ബുക്ക് അക്കൗണ്ട് മുഖേനയും ആണ് ഇവര്‍ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിനുള്ള തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാരറ്റൈന്‍ ആര്‍ട്ട്‌സ് അക്കാദമിയുടെ കളരിമര്‍മ ഗുരുകുലത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുമാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നതെന്നും പൊലീസ് അന്വഷണത്തില്‍ കണ്ടെത്തി. ചികിത്സയ്ക്കായി ആളുകളില്‍ നിന്ന് അമിതമായി ഫീസും ഈടാക്കിയിരുന്നു.