ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്ന് മാറ്റാന്‍ പറ്റില്ല’; പുരപ്പുറത്ത് കയറി പ്രതിഷേധിച് പ്രവര്‍ത്തകന്‍
പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. നൂറു കണക്കിന് പ്രവര്‍ത്തകരാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്. ഒരു പ്രവര്‍ത്തകന്‍ വീടിന്റെ പുരപ്പുറത്ത് കയറി പ്രതിഷേധം മുഴക്കി. ജസ്റ്റിന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് വീടിന് മുകളില്‍ കയറി പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പുനല്‍കിയാലേ താഴെ ഇറങ്ങൂവെന്ന് വിളിച്ചുപറഞ്ഞായിരുന്നു പ്രവര്‍ത്തകന്റെ പ്രതിഷേധം.
ഒടുവില്‍ ഉമ്മന്‍ചാണ്ടി ജസ്റ്റിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രിയപ്പെട്ട നേതാവ് സമാധാനപ്പിച്ചതോടെയാണ് ജസ്റ്റിന്‍ താഴെ ഇറങ്ങിയത്. ഹൈക്കമാന്‍ഡ് അല്ല, ആരു ശ്രമിച്ചാലും ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്ന് മാറാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിക്കാര്‍ക്ക് വേണമെന്നും ഒരു കാരണവശാലും വിട്ടുതരില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
‘സാര്‍ വിളിച്ച്, ആശങ്കപ്പെടാന്‍ യാതൊന്നുമില്ലെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ഞാന്‍ താഴെ ഇറങ്ങിയത്. പക്ഷെ പുതുപ്പള്ളിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ശ്രമിച്ചാല്‍ ഇതിലും വലിയ പ്രതിഷേധമുണ്ടാകും. ഹൈക്കമാന്‍ഡ!!ോ, സോണിയാ ഗാന്ധിയോ, രാഹുല്‍ ഗാന്ധിയോ ആരായാലും ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ സമ്മതിച്ചുതരില്ല.”- ജസ്റ്റിന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് അദ്ദേഹത്തിന്റെ ജന്മ നാടായ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്ന സമയത്തായിരുന്നു പ്രതിഷേധം. ഉമ്മന്‍ചാണ്ടിയെത്തിയ കാറിന് ചുറ്റും പ്രവര്‍ത്തകര്‍ വളഞ്ഞു. പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകരുടെ വികാര പ്രകടനം. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേ സമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സിരിക്കും. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ സി ജോസഫ് പറഞ്ഞു. താന്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി സി സി നേതൃത്വം എഐസിസിക്ക് കത്തയച്ചു.