കോണ്‍ഗ്രസില്‍ ഇനി പുതിയ ‘പെങ്ങളൂട്ടി’ ; ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി കായംകുളത്തെ അരിത ബാബു. 27 വയസുള്ള അരിത നിര്‍ധന കുടുംബത്തിലെ അംഗമാണ്. മാതൃക പെണ്‍കുട്ടിയാണ് അരിതയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പശുവിനെ വളര്‍ത്തി പാല്‍വിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കായംകുളത്ത് യു.പ്രതിഭയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ അരങ്ങേറ്റക്കാരിക്ക് സാധിക്കുമോ എന്നത് തന്നെയാണ് ആദ്യ ചോദ്യം. കായംകുളം മണ്ഡലത്തിലെ മുന്‍ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ അരിത ബാബുവിന് അത്ര ശുഭകരമാകില്ല കന്നി തെരഞ്ഞെടുപ്പ് അങ്കം എന്ന് തന്നെ പറയേണ്ടി വരും.

എന്നിരുന്നാലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ നിന്ന് ‘പാട്ടുംപാടി’ വിജയിച്ച രമ്യ ഹരിദാസിനോടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരിത ബാബുവിനെ താരതമ്യപ്പെടുത്തുന്നത്. കേരളത്തില്‍ നിന്നുള്ള പ്രായം കുറഞ്ഞ ലോക്‌സഭാ സ്ഥാനാര്‍ഥിയായി ജയിച്ച് പാര്‍ലമെന്റിലെത്തിയ രമ്യാ ഹരിദാസിനെ ‘പെങ്ങളൂട്ടി’ എന്ന് വിളിച്ചാണ് അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ പ്രചരണം നടത്തിയിരുന്നത്. ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ലിസ്റ്റിലെ തന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ അരിതാ ബാബുവിനെയും ‘പെങ്ങളൂട്ടി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സൈബര്‍ പട സ്വീകരിച്ചത്. ആലപ്പുഴയിലെ കായംകുളത്ത് നിന്ന് ജനവിധി തേടുമ്പോള്‍ അരിതാ ബാബുവിന് പ്രായം 27 വയസ്സാണ്. 15 വര്‍ഷത്തോളമായി കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് സജീവമാണ് അരിത. ജില്ലാ പഞ്ചായത്തംഗമായി കായംകുളത്തുനിന്നു വിജയിച്ച അരിതക്ക് മണ്ഡലം സ്വന്തം നാട്ടില്‍ തന്നെയാണ് എന്നതും നേട്ടമാണ്. അച്ഛന്‍ തുളസീധരന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അരിത പശുവിന്റെ പാല് വിറ്റാണ് ഉപജീവനത്തിനും പഠനത്തിനും വഴി കണ്ടെത്തിയതെന്ന് മുല്ലപ്പള്ളി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്കൊണ്ട് കെപിസിസി അധ്യക്ഷന്റെ പരാമര്‍ശം.21ാം വയസില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ബി കോം ബിരുദധാരി കൂടിയാണ് അരിത.