സീറ്റ് നിഷേധിച്ചു ; തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്
നിയമസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വനിതകള്‍ക്ക് മതിയായ പ്രാധിനിത്യം ലഭിച്ചില്ലെന്ന് മഹള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. കെ.പി.സി.സി ഓഫീസിന് മുന്നില്‍ തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു സീറ്റ് നിഷേധത്തിനെതിരെ ലതിക സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചത്. പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവെച്ചു.
വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്.പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീകളെ പാര്‍ട്ടി തഴഞ്ഞെന്ന് അവര്‍ പറഞ്ഞു. ഏറ്റുമാനൂരെ സീറ്റ് ആഗ്രഹിച്ച ആളാണ് താന്‍. ഇപ്പോഴുള്ള എം.എല്‍.എമാരായ കൊച്ചുനുജന്‍മാരേക്കാള്‍ മുന്‍പ് താന്‍ പ്രസ്ഥാനത്തിലുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കോട്ടയത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേര് വന്ന് പോവാറുണ്ട്.വളരെ ആത്മാര്‍ഥതയോടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത പരിചയം എനിക്കുണ്ട്. നിരവധി വിവാദങ്ങള്‍ എനിക്കെതിരെയുണ്ടായി ഏതൊരു സ്ത്രീയെയും സംബന്ധിച്ച് അവളുടെ താലിയാണ് ഏറ്റവും പ്രധാനം എനിക്കെതിരെയുണ്ടായ കമന്റുകള്‍ നിങ്ങള്‍ക്ക് നോക്കിയാലറിയാം. ഒരു സ്ത്രീകളും ആഗ്രഹിക്കാത്ത് രീതിയിലുള്ള കമന്റുകള്‍ വന്നു, രമേശ് ചെന്നിത്തലയുടെയും,ഉമ്മന്‍ ചാണ്ടിയുടെയും പേരുകള്‍ ചെറുപ്പം മുതലെ ആവേശത്തോടെ പറഞ്ഞിരുന്നയാളാണ് ഞാന്‍.
സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ തഴയപ്പെട്ടെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളില്‍ 14 സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.
എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഇന്ന് വൈകുന്നേരമാണ് കോണ്‍ഗ്രസ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.