കെ സുരേന്ദ്രനെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്‍

കെ സുരേന്ദ്രനെതീരെ പരിഹാസം ചൊരിഞ്ഞു ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍ക്ക് ലഭിക്കാത്ത ഭാഗ്യമാണ് രണ്ട് സീറ്റുകളിലും മത്സരിക്കുകയെന്നത്. സുരേന്ദ്രന് വന്‍ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സീറ്റിലും കെ സുരേന്ദ്രന് വിജയാശംസകള്‍ നേരുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്‍ ഇടം നേടിയിരുന്നില്ല. താന്‍ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നതായാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നതായും ശോഭാ സുരേന്ദ്രന്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 115 ഇടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്. അതില്‍ 85 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്നത്. അതേസമയം രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മഞ്ചേശ്വരവും കോന്നിയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. രണ്ട് മണ്ഡലങ്ങളിലും ഒരുമിച്ച് മത്സരിക്കുന്നത് വെല്ലുവിളിയല്ല. ആത്മവിശ്വാസ കുറവുള്ളതുകൊണ്ടല്ല രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

 

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയടക്കം നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാല്‍ താന്‍ മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പിന്നീട് തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല എന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.അതേസമയം, പാര്‍ട്ടി തന്നെ ഒതുക്കിയെന്ന തോന്നല്‍ ഇല്ലെന്നും പ്രചരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.