ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല താന്‍ എംപി കസേരയില്‍ ഇരിക്കുന്നത് എന്ന് സുരേഷ് ഗോപി
ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല ഞാന്‍ എംപി കസേരയില്‍ ഇരിക്കുന്നതെന്ന് സിനിമാ താരവും എം പിയുമായ സുരേഷ് ഗോപി. ചാനല്‍ ചര്‍ച്ചയുടെ ഇടയ്ക്ക് കെ.മുരളീധരന്‍ രാജിവച്ച് മത്സരിക്കുമോ എന്ന് ബിജെപിയുടെ ബി.ഗോപാലകൃഷ്ണന്‍ ചോദിച്ചു. സുരേഷ് ഗോപി രാജിവച്ച് മത്സരിക്കട്ടെയെന്ന് കോണ്‍ഗ്രസിന്റെ പന്തളം സുധാകരന്‍ തിരിച്ചടിച്ചതോടെയാണ് പന്തളം സുധാകരന് മറുപടിയുമായി സുരേഷ് ഗോപി ടെലിഫോണ്‍ ലൈനില്‍ ചേര്‍ന്നത്.
മുരളീധരന്‍ രാജിവയ്ക്കണം എന്ന പക്ഷക്കാരനല്ല ഞാന്‍. അദ്ദേഹം പൊരുതി നേടിയ ഒളിമ്പിക്ക് ട്രോഫി നഷ്ടപ്പെടാതിരിക്കട്ടെ എന്നേ ഞാന്‍ പറയൂ. പന്തളം സുധാകരനെ പോലുള്ള ഒരു നേതാവ് നോമിനേറ്റഡ് എംപി എങ്ങനെയാണ് വരുന്നതെന്ന് അറിയണം. അത്തരം വിവരം വളച്ചൊടിക്കാന്‍ ശ്രമിക്കരുത്. ഞാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല എംപിയെന്ന നിലയില്‍ ഞാന്‍ ജീവിക്കുന്നത്. പന്തളം സുധാകരന്‍ വീട്ടില്‍ വന്നാല്‍ ഞാന്‍ എന്റെ കണക്കുകള്‍ കാണിച്ച് തരാം. എംപി ശമ്പളം ഞാന്‍ ഉപയോഗിച്ചിട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് താരം. നാല് ദിവസം മുന്‍പ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് സുരേഷ് ഗോപിയെ പ്രവേശിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.