മാംസം ഉള്ള പിസ കഴിച്ചതുമൂലം മതാചാരം ലംഘിക്കപ്പെട്ടു ; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
മാംസം അടങ്ങിയ പിസ കഴിച്ചത് കാരണം തന്റെ മതാചാരം ലംഘിക്കപ്പെട്ടു എന്ന പേരില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവതി കോടതിയില്‍. ശുദ്ധ വെജിറ്റേറിയനായ തനിക്ക് നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയതിനെതിരെ ഡല്‍ഹി സ്വദേശിനി ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു പ്രമുഖ അമേരിക്കന്‍ പിസ ശൃംഖലയ്ക്ക് എതിരെയാണ് യുവതി കേസ് നല്‍കിയിരുന്നത്. ഇതിന്റെ പേര് പുറത്തു വിട്ടിട്ടില്ല.
2019 മാര്‍ച്ച് 21നാണ് സംഭവം നടക്കുന്നത്. വെജിറ്റേറിയന്‍ പിസ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നോണ്‍ വേജ് പിസ ലഭിച്ചുവെന്നും അത് കഴിച്ച ശേഷമാണ് മനസിലായതെന്നും യുവതി പരാതിയില്‍ പറയുന്നു. കൂടാതെ, മാംസ ഭക്ഷണം കഴിച്ചതിന്റെ ദോഷം തീര്‍ക്കാന്‍ നിരവധി പൂജകള്‍ ചെയ്യേണ്ടി വന്നുവെന്നും അതിന് ലക്ഷക്കണക്കിന് രൂപ ചിലവായെന്നും യുവതി പറയുന്നു. ഇവരുടെ അശ്രദ്ധ മൂലം തന്റെ മതത്തിന്റെ ആചാരത്തെ ലംഘിക്കുന്നതിന് കാരണമായെന്നും അതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോവുമെന്നുമാണ് യുവതി പറയുന്നത്.
യുവതിയുടെ പരാതി കേട്ട ഡല്‍ഹി ജില്ലാ കണ്‍സ്യൂമര്‍ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 17നാണ് അടുത്ത ഹിയറി0ഗ്. എന്നാല്‍, യുവതിയുടെ പരാതിലഭിച്ചതോടെ പിസ ഔട്ട്ലെറ്റ് അധികൃതര്‍ ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ യുവതി നിയമ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.