രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരിവെച്ചു സുപ്രീം കോടതി
രണ്ടില ചിഹ്നം വിവാദത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അനുകൂല വിധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്താണ് ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ജോസഫ് വിഭാഗം കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.
ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അപ്രതീക്ഷിതമായിരുന്നു രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. മാണിക്ക് ശേഷം പാര്‍ട്ടിയിലെ പിളര്‍പ്പില്‍ ജോസഫ് വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. സി.എഫ് തോമസ്, ജോയി എബ്രഹാം തുടങ്ങിയ മാണി വിഭാഗത്തിലെ പ്രമുഖര്‍ ജോസഫ് വിഭാഗത്തിനൊപ്പം അണി നിരന്നതും യു.ഡി.എഫ് നടപടിയെ സ്വാധീനിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതി നിര്‍വഹിച്ചില്ലെന്നാണ് പി.ജെ.ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കാതെയാണ് രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതെന്നും ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി അറിയിച്ചു. ജേസഫ് വിഭാഗത്തിന്റെ വാദമുഖങ്ങളെ സുപ്രിംകോടതി തള്ളുകയും ചെയ്തു.