സി.പി.എം-ബി.ജെ.പി രഹസ്യ ധാരണ വെളിപ്പെടുത്തി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍

നിയമസഭാ ഇലക്ഷനില്‍ സി പി എം ബി ജെ പി രഹസ്യ ധാരണ വെളിപ്പെടുത്തി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ബാല ശങ്കര്‍ ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നും തുറന്നടിച്ചു. കേരളത്തിലെ നേതാക്കള്‍ക്ക് മാഫിയ സ്വഭാവമാണുള്ളതെന്നും ബാലശങ്കര്‍ വിമര്‍ശിച്ചു.

വിവിധ മത സംഘടനകളും സാമുദായിക സംഘടനകളും ഒരു പോലെ മണ്ഡലത്തില്‍ തന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ മൂലമാണെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും തോറ്റുകൊടുത്ത് സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കുകയും, പകരം കോന്നിയില്‍ വിജയിക്കുകയും ചെയ്യുക എന്നതാകാം ധാരണ എന്നായിരുന്നു ബാലശങ്കറിന്റെ പ്രതികരണം.

ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ കൂടിയായ ബാലശങ്കറിനെ ചെങ്ങന്നൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സൂചനകള്‍ വന്നിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അപ്രതീക്ഷിതമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലശങ്കര്‍ പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സി.പി.എമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ! ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.- അദ്ദേഹം പറയുന്നു