ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി

നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ശോഭ സുരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടു. നേരത്തെ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവില്ലെന്ന സൂചനകളാണ് പുറത്തുവന്നിരുന്നത്. ശോഭ മത്സരിക്കുന്നത് തടയാന്‍ സംസ്ഥാന നേതൃത്വം ഊര്‍ജിതമായി ശ്രമിച്ചിരുന്നു.

ശോഭാ സുരേന്ദ്രന് പകരം കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. കഴക്കൂട്ടത്ത് മത്സരിച്ചേക്കാം എന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. രാവിലെ ബിഡിജെഎസിന്റെ അവസാന ഘട്ട പട്ടികയില്‍ തുഷാറിന്റെ പേര് ഉണ്ടായിരുന്നില്ല. താന്‍ മത്സരിക്കുന്നില്ല എന്നായിരുന്നു ഇന്ന് രാവിലെ അദ്ദേഹത്തിന്റെ പ്രതികരണം. ബി.ഡി.ജെ.എസിന്റെ മുഴുവന്‍ സീറ്റുകളിലും ഇതിനോടകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞിരുന്നു. അപ്പോഴെല്ലം തുഷാര്‍ മത്സരിക്കുന്നില്ലെന്ന നിലപാടാണ് അറിയിച്ചിരുന്നത്.