സി പി എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍

ഇടത് പക്ഷം ഇതുവരെ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും, സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് ചെയ്തതെന്നും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കോടിയേരി ബാലകൃഷ്ണന്‍. ”വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന പ്രസ്താനമാണ് ഇടത് പക്ഷം. അതിപ്പോ, ഹിന്ദുക്കളുടെയാണെങ്കിലും, മുസ്ലാം മതവിശ്വാസികളുടെ ആണെങ്കിലും. അതുകൊണ്ടാണല്ലോ ബാബറി മസ്ജിദ് പൊളിച്ചതിനെ എതിര്‍ത്തത്. ഒരു പള്ളി എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ആ പള്ളി പൊളിച്ചവരാണ് ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ രംഗത്തെത്തിയിരിക്കുന്നത്. അവര്‍ക്ക് അപ്പോള്‍ ഒരു വിശ്വാസത്തിന് വേണ്ടി മാത്രമല്ലേ നില്‍ക്കുന്നുള്ളു ? എന്നാല്‍ ഞങ്ങള്‍ എല്ലാ മതവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്നു. മതവിശ്വാസികളുടെ വിശ്വാസത്തെ വൃണപ്പെടുന്ന ഒന്നും ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യില്ല. ഇടത് പക്ഷം ഒരിക്കലും സ്ത്രീകളെ ശബരമലയില്‍ കയറ്റിയിട്ടില്ല. സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്.

ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അത് നടപ്പാക്കിയോ ? വിഷയം സുപ്ര്ം കോടതി വിശാല ബഞ്ചിന്റെ പരിഗണനയിലാണ്. വിധി വരുന്നതുവരെ കാത്തിരുന്നേ പറ്റൂ. യുവതി പ്രവേശത്തില്‍ സിപിഐഎമ്മിന് കടുംപിടിത്തമില്ല. പണ്ട് എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സുപ്രിംകോടതിയുടെ ക്രീമി ലെയര്‍ വിധിക്കെതിരായി ക്രീമി ലെയര്‍ ബില്‍ കൊണ്ടുവന്നിരുന്നു. എന്നിട്ട് എന്തായി ? സുപ്രിംകോടതി അനുവദിച്ചില്ല. സുപ്രിംകോടതി വിധി മറികടന്ന് ബില്ല് പാസായാല്‍ തന്നെ അത്തരമൊരു നിയമനിര്‍മാണം നടത്താന്‍ സാധിക്കില്ല. കേന്ദ്ര നിയമമന്ത്രി തന്നെ പറഞ്ഞു സുപ്രിംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്താന്‍ സാധിക്കില്ലെന്ന്’- കോടിയേരി പറഞ്ഞു. ശബരിമല ഇപ്പോള്‍ ശാന്തമാണ്. ഇല്ലാത്ത പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രചാരണ തന്ത്രമാണെന്നും ഇത്തരം പ്രചരണങ്ങള്‍ വിലപ്പോകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.