മുഖ്യമന്ത്രിയുടെ വീട് വീണ്ടും ചര്‍ച്ചയാക്കി ഡീന്‍ കുര്യാക്കോസ്
സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം പിണറായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടിയാണ് ഇടുക്കി എംപിയുടെ വിമര്‍ശനം. കെ.എം ഷാജിയുടെ വീടിനെതിരെ വന്ന കേസിനെ താരതമ്യപ്പെടുത്തിയാണ് ഡീന്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ വീടിന് നേരെ വിമര്‍ശനം ഉന്നയിച്ചത്. ‘കെഎം ഷാജിയുടെ വീടിന് മൂന്ന് കോടി രൂപ വില നിശ്ചയിച്ച വിജിലന്‍സിനും ഇഡിക്കും പിണറായിയിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87ലക്ഷം രൂപക്ക്’ എന്നായിരുന്നു പോസ്റ്റില്‍ അദ്ദേഹം എഴുതിയത്.
കണ്ണൂര്‍ കലക്ട്രേറ്റിലെത്തി മാര്‍ച്ച് 15നാണ് പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയനാണ് എല്‍.ഡി.എഫില്‍ ആദ്യം പത്രിക സമര്‍പ്പിച്ചത്. സി.പി.ഐ നേതാവായ സി.എന്‍ ചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയനും ഭാര്യ കമലക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്തുണ്ടെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. മുഖ്യമന്ത്രിക്ക് പണമായി 10,000 രൂപയും ഭാര്യക്ക് 2000 രൂപയുമാണുള്ളത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ വീടിനു ഇതിലും കൂടുതല്‍ ആണ് വില എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.