ബി.ജെ.പിക്ക് 42 എം.എല്‍.എമാര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സി.പി.എം പിന്തുണക്കുമെന്നു എം. ടി രമേശ്

ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ സര്‍ക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണക്കുമെന്നു എം ടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്ഥാനാര്‍ഥികളായല്ലോയെന്നും എം.ടി രമേശ് ചോദിച്ചു. ശബരിമല വിഷയത്തില്‍ കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സിപിഎമ്മിനും രണ്ടു നിലപാടാണോ എന്നും എം ടി രമേശ് ചോദിച്ചു. കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണോ സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റേത് വഞ്ചനപരമായ നിലപാട് ആണ്. ലീഗിന് വേണ്ടി യെച്ചൂരി ക്യാമ്പയിന്‍ നടത്താന്‍ പോകുന്നു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് യെച്ചൂരി ഉത്തരം പറയുന്നില്ലെന്നും രമേശ് പറഞ്ഞു.

പിണറായി കോഴിക്കോട് ജില്ലയില്‍ പ്രചാരണത്തിന് കൊടുവള്ളി തെരഞ്ഞെടുത്തത് എന്തിനാണ്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരന്‍ സ്ഥാനാര്‍ഥി ആയതു കൊണ്ടാണോ മുഖ്യന്‍ കൊടുവള്ളിയില്‍ പ്രചാരണത്തിന് ഇറങ്ങിയത്. അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ധര്‍മടത്ത് ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും രമേശ് കുറ്റപ്പെടുത്തി. കോ ലീ ബീ സഖ്യം ഉണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യം ആയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.