പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ത്ഥി

പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് അപ്രതീക്ഷിതമായി രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാനാര്‍ത്ഥി എത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാര്‍ച്ചന. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. വെടിവെയ്പ്പില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുഷ്പാര്‍ചന നടത്തിയ സംഭവത്തില്‍ പരാതി നല്‍കി സിപിഐ. ഡിജിപിക്കും എസ്പിക്കുമാണ് പരാതി നല്‍കിയത്. ബോധപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചനയെന്ന് സിപിഐ പറഞ്ഞു. പുലര്‍ച്ചെയാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തി പൂട്ട് തല്ലിത്തകര്‍ത്ത് പുഷ്പാര്‍ച്ചന നടത്തിയത്. ബിജെപി നേതൃത്വം ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നികൃഷ്ടമായ നടപടിയാണെന്നും സിപിഐ ആരോപിച്ചു.