വട്ടിയൂര്‍ക്കാവിലെ വോട്ടു കണക്കുകള്‍
2011 ല്‍ നിന്നും 2016 ലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്താകെ ബിജെപി തങ്ങളുടെ വോട്ടു വിഹിതത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. 10-12% വോട്ട് നേടിയിരുന്ന പല മണ്ഡലങ്ങളിലും 2016ല്‍ ഇരട്ടിയിലധികമായി ഉയര്‍ത്തിയപ്പോള്‍ ആഘാതമേറ്റത് യുഡിഎഫിനാണ്. ബിജെപി വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം ജില്ലയിലെ എ പ്ലസ് മണ്ഡലങ്ങളാണ് നേമവും കഴക്കൂട്ടവും. നേമത്ത് മണ്ഡലം നിലനിര്‍ത്താനും കഴക്കൂട്ടത് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ജയത്തിലേക്ക് എത്തിക്കാനും ശബരിമലയും വിശ്വാസ സംരക്ഷണവും തന്നെയാണ് പ്രധാന ആയുധം. ഇതിന് പുറമേ ഇക്കുറി വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരം സെന്‍ട്രലിലും അവര്‍ക്കു മികച്ച മത്സരം നല്‍കാനാകും.
എന്താണ് വട്ടിയൂര്‍ക്കാവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ?
2011ല്‍ മത്സരിച്ച വിവി രാജേഷ് അന്ന് 13,494 വോട്ടു നേടി മൂന്നാം സ്ഥാനത്തായ ബിജെപി ഒരുപക്ഷെ 2016ല്‍ നേമത്തേക്കാള്‍ വിജയ പ്രതീക്ഷ വച്ചിരുന്ന മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കുമ്മനനത്തിന്റെ വ്യക്തിപ്രഭാവം കൂടി സഹായിച്ചപ്പോള്‍ 43,700 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനം നേടി. 21 ശതമാനത്തിന്റെ വോട്ടു വര്‍ധന. അവിടെ നിന്ന് 2019 ല്‍ എസ് സുരേഷിലൂടെ 12% വോട്ടു വിഹിതം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പോയി.
ഇടത്പക്ഷകോട്ടയായിരുന്ന വട്ടിയൂര്‍ക്കാവില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം 2011ല്‍ മുരളീധരന്റെ വ്യക്തിപ്രഭാവത്തില്‍ രണ്ടാം സ്ഥാനത്തേക്കും പിന്നീട് 2016ല്‍ കുമ്മനത്തിന്റെയും കൂടി വരവോടെ ദയനീയമായ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു എല്‍ഡിഎഫ്. 2019 ഉപ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെതന്നെ ഇറക്കി മണ്ഡലം തിരിച്ചു പിടിച്ചു. 14,500 വോട്ടിന്റെ ഭൂരിപക്ഷമാണ് മേയര്‍ ബ്രോയുടെ വ്യക്തിപ്രഭാവം എല്‍ഡിഎഫിന് നേടിക്കൊടുത്തത്. 15 ശതമാനത്തോളം വോട്ടിന്റെ വര്‍ധന.
മുന്‍ എംഎല്‍എ കൂടിയായ കെ മോഹന്‍കുമാറിന് ഉപതിരഞ്ഞെടുപ്പില്‍ നേടാനായത് 40,000 വോട്ട്. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വീണാ നായരെ വളരെ വൈകിയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
15 മാസങ്ങള്‍ കൊണ്ട് ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വികെ പ്രശാന്ത് തന്റെ പ്രഭാവം മേയര്‍ ബ്രോയില്‍ നിന്ന് എംഎല്‍എ ബ്രോയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികള്‍ ആണോ കോണ്‍ഗ്രസ്സും ബിജെപിയും നിര്‍ത്തിയിരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.
ഇത്തവണ 2011 ലെ ബിജെപി സ്ഥാനാര്‍ഥി വിവി രാജേഷ് എത്തുമ്പോള്‍ 2019ല്‍ എസ സുരേഷിന് നേടാനായതില്‍ അധികം വോട്ടുകള്‍ നേടാനാകുമോ എന്നാണ് കാണേണ്ടത്. ബിജെപിക്കുള്ളിലും ആര്‍എസ്എസ് ലും സുരേഷിനേക്കാള്‍ അഭിമതനല്ല വിവി രാജേഷ്. മണ്ഡലത്തിലുള്ള സ്വാധീനവും അങ്ങിനെ തന്നെ.
മുന്‍കാലങ്ങളിലെ അപേക്ഷിച്ച് കോണ്‍ഗ്രസിന് താരതമ്യേന ദുര്‍ബ്ബലമായ സ്ഥാനാര്ഥിയാകുമ്പോള്‍
അത് ഉപതെരഞ്ഞെടുപ്പിനേക്കാള്‍ മോശമായി ബാധിക്കാന്‍ ഇടയുണ്ട്. ചിലപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തന്നെ തള്ളപ്പെടാം. കോണ്‍ഗ്രസില്‍ നിന്നും ചോരുന്ന വോട്ടുകള്‍ രാജേഷിലേക്കും പ്രശാന്തിലേക്കും പോകും. സുരേഷിനപ്പുറം ഒരു കടുത്ത മത്സരം നല്‍കാന്‍ വിവി രാജേഷിന് സാധിക്കുമെന്ന് അനുമാനിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്നും കൊഴിയുന്നതാണ് അധികമായി കിട്ടാവുന്നത്.
കോണ്‍ഗ്രസില്‍ നിന്നും വോട്ടുചോര്‍ച്ച ഒരുപോലെ തന്നെ എല്‍ഡിഎഫിനെയും ബിജെപിയെയും സഹായിക്കുമെന്ന് അനുമാനിക്കാം. അങ്ങിനെയെങ്കില്‍ വികെ പ്രശാന്ത് 48 മുതല്‍ 50 ശതമാനം വരെ വോട്ടുകള്‍ നേടി ഭൂരിപക്ഷം ഉയര്‍ത്തും. 5 ശതമാനത്തോളം വോട്ടുവിഹിതം ഉയര്‍ത്തി ബിജെപി രണ്ടാം സ്ഥാനത്തും, 10 ശതമാനത്തിന്റെ വോട്ടുചോര്‍ച്ചയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെടാം. ഒരുപക്ഷെ മുന്‍പ് എല്‍ഡിഎഫ് നു സംഭവിച്ച പോലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അപാകതകളാണ് ഇത്തവണ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കാന്‍ പോകുന്നത്.